രാജ്യസ്നേഹികൾ’ ആശങ്കപെടേണ്ട നിങ്ങൾ വീട്ടിൽ ഇരുന്നാൽ മതി രാജ്യം ഇതിനെയും അതിജീവിക്കും

ജിതിൻ ജേക്കബ്

സമ്പന്നതയുടെയും ആഡംബരതയുടെയും നൂതന ടെക്നോളോജിയുടെയും എല്ലാം അവസാനവാക്കായ അമേരിക്ക എന്ന വമ്പൻ രാജ്യത്തെ ജനങ്ങൾ ഇന്ന് അവിടുത്തെ ആശുപത്രികളിലെ സൗകര്യ കുറവ് മൂലം കോവിഡ് എന്ന മഹാമാരിയെ നേരിടാൻ കഴിയാതെ വിറങ്ങലിച്ചു നിൽക്കുന്നു.

ഒരുലക്ഷത്തിൽ അധികം അമേരിക്കക്കാർക്ക് കോവിഡ് രോഗം സ്ഥിതീകരിച്ചു കഴിഞ്ഞു, 1500 ന് അടുത്ത് ആളുകൾ മരിച്ചു. ഒറ്റ ദിവസം മാത്രം റിപ്പോർട്ട് ചെയ്തത് പുതിയ 17000 പോസിറ്റീവ് കേസുകളാണ്.

ഏകദേശം 160000 വെന്റിലേറ്ററുകൾ ആണ് അമേരിക്കയിൽ ഉള്ളത്. എന്നിട്ടും അവിടെ ഇനിയും വെന്റിലേറ്ററുകൾക്ക് ക്ഷാമം ആണുള്ളത്.

അമേരിക്കയുടെ കാര്യം അങ്ങനെ ആണെങ്കിൽ 130 കോടി ജനം ഉള്ള ഇന്ത്യയുടെ അവസ്ഥ എന്താകും എന്നാണ് ഇന്ത്യയെ ‘സ്നേഹിക്കുന്ന’ വിദേശികളുടെ ചോദ്യം. ഇന്ത്യക്കുള്ളിലെ ‘രാജ്യസ്നേഹികളുടെയും, മതേതര ഷഗോദരങ്ങളുടെയും’ ആശങ്കയും മറ്റൊന്നുമല്ല. ഇന്ത്യ എങ്ങനെ കോവിഡിനെ തടഞ്ഞു നിർത്തും? ഇന്ത്യക്ക് അതിന് കഴിയുമോ?

33 കോടി ജനങ്ങളും 160000 വെന്റിലേറ്ററുകളും ഉള്ള അമേരിക്കക്ക് പോലും പിടിച്ചുനിൽക്കാൻ പറ്റാതെ വരുമ്പോൾ ഏതാണ്ട് 50000 വെന്റിലേറ്റേഴ്സും 130 കോടി ജനവും ഉള്ള ഇന്ത്യയുടെ കാര്യം എന്താകും എന്നതിലാണ് ‘രാജ്യസ്നേഹികൾക്ക്’ ആശങ്ക.

അമേരിക്കയിൽ 1000 പേർക്ക് 2.9 ആശുപത്രി ബെഡ്ഡുകളും, 2.6 ഡോക്ടർമാരുണ്ട്. ഇറ്റലിയിലാകട്ടെ അത് 3.4 ബെഡ്ഡുകളും, 4.1 ഡോക്ടർമാരുമാണ്. ഇന്ത്യയിലോ? ഇന്ത്യയിൽ 1000 പേർക്ക് 0.7 ആശുപത്രി ബെഡുകളും 0.8 ഡോക്ടർമാരുമാണുള്ളത്.

കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യയിപ്പോൾ 41 ആം സ്ഥാനത്ത് ആണ്. 1024 പോസിറ്റീവ് കേസുകളും 24 മരണവും ആണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

പക്ഷെ ‘ദേശസ്നേഹികൾ’ ആശങ്കപെടേണ്ട. ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 500 കഴിഞ്ഞപ്പോൾ തന്നെ സമ്പൂർണ ലോക്ക് ഡൌൺ പ്രഖ്യാപിച്ചു. ഇപ്പോൾ രാജ്യം ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത് കോവിടിന്റെ വ്യാപനം തടയാനാണ്. അതിൽ നമ്മൾ വിജയിച്ചു കഴിഞ്ഞാൽ 90% ഉം വിജയിച്ചു കഴിഞ്ഞു.

കോവിഡ് മൂലമുള്ള മരണനിരക്ക് താരതമ്യേനെ കുറവാണ്. വ്യാപനം തടയാനുള്ള ഭഗീര പ്രയത്നത്തിലാണ് നമ്മുടെ രാജ്യം.

അതോടൊപ്പം രോഗ വ്യാപനം ഉണ്ടായാൽ അതിന് തടയിടാൻ വൻ തയ്യാറെടുപ്പുകൾ ആണ് രാജ്യം നടത്തുന്നത്. ഈ ‘യുദ്ധത്തിൽ’ ഇന്ത്യയുടെ മുന്നണി പോരാളി ആകുക ഇന്ത്യയുടെ സൈന്യം തന്നെയായിരിക്കും എന്നുറപ്പാണ്. വിദേശരാജ്യങ്ങളിൽ നിന്നും എയർ ലിഫ്റ്റ് ചെയ്തത് ഇന്ത്യയിൽ കൊണ്ടുവന്ന 1500 ൽ അധികം രോഗികളെ സൈന്യമാണ് സംരക്ഷിച്ചത്.

കോവിഡിനെ നേരിടാൻ സൈനിക ആശുപത്രികളും, സൈനിക താവളങ്ങളും എല്ലാം പൂർണമായും സജ്ജമാണ്. ഇന്ത്യൻ റെയിൽവേ ഒരുക്കുന്നത് 3 ലക്ഷം കിടക്കകൾ ആണ്. ഇന്ത്യയുടെ വൻകിട വ്യവസായ കേന്ദ്രങ്ങൾ എല്ലാം ഇതിൽ പങ്ക് ചേരും.

ഏറ്റവും ചെലവ് കുറഞ്ഞ രീതിയിൽ വെന്റിലേറ്ററുകൾ നിർമിക്കാൻ മഹീന്ദ്ര ഗ്രൂപ്പ് മുന്നോട്ട് വന്നുകഴിഞ്ഞു.
20000 വെന്റിലേറ്ററുകളുടെ നിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ AgVa Healthcare എന്ന സ്വകാര്യ ഗ്രൂപ്പ് ചെയ്യുന്നു.

Defence Research and Development Organisation (DRDO) സാനിറ്റിസെർ, മാസ്‌ക്കുകൾ, വെന്റിലേറ്ററുകൾ എന്നിവ നിർമിക്കുന്നു.

ഇന്ത്യയിലെ കോർപ്പറേറ്റ് സെക്ടർ എത്രവേണമെങ്കിലും പണം ഒഴുക്കാൻ തയ്യാറുമാണ് എന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു.

നിലവിലിൽ ഇന്ത്യ നേരിടുന്ന വിമർശനം കുറഞ്ഞ അളവിൽ മാത്രമാണ് ടെസ്റ്റുകൾ നടത്തുന്നത് എന്നതാണ്. അത് സത്യവുമാണ്. അക്കാര്യത്തിൽ കേരളം ബഹുദൂരം മുന്നിലാണ്. കേരളം 6000 സാമ്പിളുകൾ ആണ് ഇതുവരെ പരിശോധനയ്ക്ക് അയച്ചത് എങ്കിൽ കേരളം കൂടി ചേർത്ത് ഇന്ത്യയിൽ ആകെ ടെസ്റ്റ് ചെയ്ത സാമ്പിളുകളുടെ എണ്ണം ഏതാണ്ട് 15000 മാത്രം ആണ്.

അതേസമയം കോവിടിന്റെ സമൂഹവ്യാപനം ഇന്ത്യയിൽ ഇതുവരെ സ്ഥിതീകരിച്ചിട്ടുമില്ല. നിരീക്ഷണത്തിൽ ഉള്ളവർക്കെല്ലാം ടെസ്റ്റ് നടത്തുക എന്നത് പ്രയോഗികവുമല്ല.

പക്ഷെ ഏത് വിധത്തിലുള്ള പ്രതിരോധത്തിനും രാജ്യം തയ്യാറാണ്. സ്വന്തം സംസ്ഥാനത്തിന്റെ സുരക്ഷ ആദ്യം എന്ന ചിന്ത മാറ്റിവെക്കാൻ സംസ്ഥാനങ്ങൾ തയ്യാറാകണം. ഇത് രാജ്യത്തിന്റെ മുഴുവൻ പ്രശ്നമാണ്. കേരളത്തിലെ രോഗി, കർണാടകയിലെ രോഗി എന്നൊക്കെ വേർതിരിച്ചു കാണേണ്ട സമയമല്ല ഇത്.

ഡൽഹിയിലുള്ള തൊഴിലാളികളുടെ പലായനം ശരിക്കും ഡൽഹി ഭരിക്കുന്നവരുടെ വൻ വീഴ്ചയാണ്. അവർക്ക് ആവശ്യമായ കാര്യങ്ങൾ ചെയ്യാൻ സർക്കാർ മുന്നോട്ട് വരണമായിരുന്നു.

ഇന്നീ വൈകിയ വേളയിൽ ആയിരങ്ങൾ സ്വദേശത്തേക്ക് മടങ്ങുന്നത് വൻ പ്രത്യാഘാതങ്ങൾ സൃഷ്ട്ടിക്കും. നിങ്ങൾ ഇപ്പോൾ എവിടെയാണോ അവിടെ തുടരാൻ ആണ് പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് ആവശ്യപ്പെട്ടത്.

അവശ്യസാധങ്ങൾ കുറഞ്ഞ വിലയ്ക്ക് ജനങ്ങൾക്ക് കിട്ടുന്നു എന്നും ഉറപ്പാക്കണം.

അതിനിടയിൽ രോഗം പടർത്താൻ ആഹ്വനം ചെയ്യുന്ന വിദ്യാഭ്യാസവും, ഉന്നത ജോലിയും ഒക്കെയുള്ള ‘മതേതരന്മാരും’.

ഇങ്ങനെ പലവിധ വെല്ലുവിളികളെ നേരിടണം ഇനിയുള്ള ദിവസങ്ങളിൽ. പക്ഷെ രാജ്യം നേരിടുക തന്നെ ചെയ്യും.

അമേരിക്കയുടെയും, യൂറോപ്പിന്റെയും ഒക്കെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം അവിടുത്തെ ആരോഗ്യസംവിധാനങ്ങളുടെ പോരായ്മകൾ അല്ല, മറിച്ച് പൗരന്മാരുടെ അനാസ്ഥയാണ്. വീടിനുള്ളിൽ കഴിയാൻ ആ രാജ്യങ്ങളിലെ ആരോഗ്യപ്രവർത്തകർ പറഞ്ഞപ്പോൾ എന്റെ ജീവിതം എന്റെ സ്വാതന്ത്ര്യം എന്ന് പറഞ്ഞു അതിനെ വെല്ലുവിളിച്ച് പുറത്തിറങ്ങിയ ജനമാണ് ഇന്ന് കിടന്നു നരകിക്കുന്നത്.

രാഷ്ട്രീയ നേതൃത്വവും വമ്പൻ പരാജയമായി. ലിബറൽ ചിന്താഗതി തലക്ക് പിടിച്ച് ‘hug a Chinese’ ക്യാമ്പയ്‌ഗൻ നടത്തിയ ഇറ്റലിക്കാരുടെ ഇപ്പോഴത്തെ അവസ്ഥ അവർ ചോദിച്ചു വാങ്ങിയതാണ്.

പക്ഷെ അതിൽനിന്നൊക്കെ വ്യത്യസ്തമായി ദീർഘവീക്ഷണത്തോടെ ശാസ്ത്രീയമായി ഈ മഹാമാരിയെ നേരിടാനാണ് നമ്മുടെ രാജ്യത്തെ ഭരണാധികാരികൾ ആദ്യം മുതലേ ശ്രമിച്ചത്. പ്രധാനമന്ത്രി ആദ്യം മുതൽ പറയുന്നുണ്ടായിരുന്നു വ്യാജ വാർത്തകൾ വിശ്വസിക്കരുത്, ആരോഗ്യപ്രവർത്തകർ പറയുന്നത് മാത്രം അനുസരിക്കുക എന്ന്.

നമ്മുക്ക് അമേരിക്കയെ നോക്കിയിരിക്കേണ്ട, യൂറോപ്പിനെ അനുകരിക്കേണ്ട, നമ്മുക്ക് നമ്മുടേതായ ഒരു മാതൃക സൃഷ്ടിക്കുകയാണ് വേണ്ടത്.

‘രാജ്യസ്നേഹികൾ’ ആശങ്കപെടേണ്ട. നിങ്ങൾ വീട്ടിൽ ഇരുന്നാൽ മതി, രാജ്യം ഇതിനെയും അതിജീവിക്കും.