ബോധം നശിക്കും വരെ ഭാര്യക്ക് മദ്യം നൽകി പിന്നീട് കെട്ടിതൂക്കി കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: ഭാര്യയ്ക്ക് മദ്യം നൽകി മയക്കിയ ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനതപുരം വാമനപുരത്തെ ആദർശ് (26) എന്നയാളെയാണ് പോലീസ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. വെട്ടിനാട്‌ ഐകുന്നത്തിൽ ശിവാലയത്തിൽ രാജേന്ദ്രന്റെയും ലീനയുടെയും മകളായ രാഗേന്ദു (21) വിനെയാണ് ഭർത്താവായ ആദർശ് കൊലപ്പെടുത്തിയത്. ഇരുവരും പോത്തൻകോട് വാടകയ്ക്ക് താമസിക്കുകയായിരുന്നു. സംഭവം നടന്നത് മാർച്ച് 23 നാണ്. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നു ചൂണ്ടിക്കാട്ടി പിതാവ് രാജേന്ദ്രൻ പോത്തൻകോട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

സംഭവത്തിൽ പോലീസ് ആദർശിനെ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. മാർച്ച് 23 നു മദ്യലഹരിയിലായിരുന്ന ആദർശ് രാഗേന്ദുവുമായി വാക്ക് തർക്കമുണ്ടാകുകയും തുടർന്ന് ഇരുമ്പ് വടി ഉപയോഗിച്ച് മർദിക്കുകയായിരുന്നു. ശബ്ദമുണ്ടാക്കിയപ്പോൾ കഴുത്തു ഞെരിക്കുകയും മദ്യം വായിൽ ഒഴിച്ച് അബോധാവസ്ഥയിൽ ആക്കുകയും ചെയ്തു. ശേഷം മുണ്ട് ഉപയോഗിച്ച് ഫാനിൽ കെട്ടിത്തൂക്കുക ആയിരുന്നു. കൊല നടത്തിയ ശേഷം ഇയാൾ കിടന്നുറങ്ങുകയും രാവിലെ രാഗേന്ദുവിനെ ഹോസ്പിറ്റലിൽ കൊണ്ട് പോകുകയും ചെയ്തതായി പ്രതി കുറ്റം സമ്മതിച്ചു. ആറ്റിങ്ങൽ ഡി വൈ എസ്‌ പി ബേബിയുയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.