അന്യസംസ്ഥാന തൊഴിലാളികളുടെ മറവിൽ സർക്കാരും മാധ്യമങ്ങളും ബംഗ്ളാദേശികളെ അഥിതികളായി വിശേഷിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സന്ദീപ് വാര്യർ

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ രാജ്യമൊട്ടാകെ ലോക്ക്‌ ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത് കാരണം പലയിടങ്ങളിലും അന്യസംസ്ഥാനത്തു നിന്ന് എത്തിയവരും മറ്റും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. എന്നാൽ ഇത്തരം തൊഴിലാളികളെ മാധ്യമങ്ങളും സർക്കാരും അഥിതി തൊഴിലാളികൾ എന്ന വാക്ക് ഉപയോഗിക്കുന്നത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണെന്നു ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യർ പറഞ്ഞു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇത് സംബന്ധിച്ചുള്ള കാര്യം പങ്കു വെച്ചത്. കുറിപ്പ് വായിക്കാം…

കഴിഞ്ഞ കുറച്ചു ദിവസമായി മാധ്യമങ്ങളും സർക്കാരും അതിഥി തൊഴിലാളി എന്ന വാക്ക് ഉപയോഗിക്കുന്നത് ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണ്. അന്യസംസ്ഥാന തൊഴിലാളികളെ അതിഥി തൊഴിലാളികൾ എന്ന് വിളിക്കേണ്ടതില്ല. ഇന്ത്യക്കാരായ അവർക്ക് കേരളത്തിൽ ഭൂമി വാങ്ങാനോ ഇവിടെ സ്ഥിരതാമസക്കാരാവാനോ നിയമപരമായ യാതൊരു വിലക്കുമില്ല. അവർക്ക് കേരളത്തിലേക്ക് വരാൻ പാസ്പോർട്ടോ വിസയോ ആവശ്യമില്ല.

കേരളം ഒരു രാജ്യം അല്ലാത്തതിനാലും ഇന്ത്യയുടെ ഭാഗമായതിനാലും അന്യസംസ്ഥാന തൊഴിലാളികളെ അതിഥി തൊഴിലാളി എന്ന് വിളിക്കുന്നത് രാജ്യദ്രോഹമാണ്. ഡൽഹിയിൽ ജോലി ചെയ്യുന്ന മലയാളികൾ അവിടെ അതിഥിയാണോ ? തമിഴ്നാട്ടിൽ ജോലി ചെയ്യുന്ന മലയാളികൾ അവിടെ അതിഥിയാണോ ? അതിഥിക്ക് ഒട്ടേറെ പരിമിതികളുണ്ട്. അതിഥിക്ക് ഒരിക്കലും വീട്ടുകാരനായി മാറാൻ കഴിയില്ല.

എന്നാൽ അന്യ സംസ്ഥാന തൊഴിലാളികളുടെ മറവിൽ ബംഗ്ലാദേശികളെ അതിഥികളായി വിശേഷിപ്പിക്കുന്ന ഏർപ്പാട് നടക്കില്ല. ബംഗ്ളാദേശികളെയാണെങ്കിൽ നുഴഞ്ഞ് കയറ്റക്കാർ എന്നാണ് വിളിക്കേണ്ടത് . അവർ അതിഥികളല്ല. ക്ഷണിക്കാതെ വലിഞ്ഞുകയറി വന്നവരാണ്.

അതിഥി തൊഴിലാളികൾക്ക് തിരിച്ചറിയൽ കാർഡ് കൊടുക്കും എന്ന് മുഖ്യമന്ത്രി പറയുന്നതിന് പിറകിൽ വലിയ ഗൂഢാലോചനയുണ്ട്. അന്യസംസ്ഥാന തൊഴിലാളികൾക്ക് ആധാറും ഇലക്ഷൻ കമ്മീഷൻ ഐഡൻറിറ്റി കാർഡും ഉണ്ട് . പിന്നെ കേരളം എന്തിനാണ് പ്രത്യേകിച്ചൊരു കാർഡ് കൊടുക്കുന്നത്? അത്തരമൊരു കാർഡ് ഇഷ്യൂ ചെയ്ത് ബംഗ്ലാദേശികൾ ഇവിടെ തുടരുന്നതിന് ക്ലെയിം കൊടുക്കുകയാണ് പിണറായി വിജയന്റെ ഉദ്ദേശം. നുഴഞ്ഞുകയറ്റക്കാർക്ക് നിയമപരമായ എന്തെങ്കിലുമൊരു രേഖയുണ്ടാക്കി നൽകുക. ഈ രാജ്യത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ ദ്രോഹമാണ് പിണറായി സർക്കാർ ചെയ്യാൻ പോകുന്നത്.

പായിപ്പാടും പെരുമ്പാവൂരും പട്ടാമ്പിയിലും എല്ലാം നാടിന് പ്രതിസന്ധി ഉണ്ടാക്കുന്നത് നുഴഞ്ഞുകയറ്റക്കാരായ ബംഗ്ലാദേശികൾ ആണ്. ഒരു ചാനൽ ചർച്ചക്കിടെ പായിപ്പാട്കാരനായ സിപിഎം ജനപ്രതിനിധി തന്നെ ഇക്കാര്യം പറയുന്നത് കേട്ടു. അവതാരക അദ്ദേഹത്തെ പറയാൻ അനുവദിക്കാതെ വിഷയം ഗതി മാറ്റി.

യഥാർത്ഥ പ്രശ്നത്തെ അഭിമുഖീകരിക്കാതെ നമുക്ക് എത്രകാലം മുന്നോട്ടു പോകാൻ കഴിയും എന്നുള്ളതാണ് മലയാളി നേരിടുന്ന ചോദ്യം. അതിന് ഉത്തരം കണ്ടെത്തിയ മതിയാകൂ. ഈ സത്യം വിളിച്ചു പറയുന്നവരെ വർഗീയവാദി ചാപ്പകുത്തിയതു കൊണ്ട് സത്യം സത്യമല്ലാതാകുന്നില്ല.

അഭിപ്രായം രേഖപ്പെടുത്തു