നിർദേശങ്ങൾ ലംഘിച്ചു കോട്ടയത്ത് നിസ്കാരം സംഘടിപ്പിച്ചു: സ്കൂൾ മാനേജരടക്കം 23 പേരെ അറസ്റ്റ് ചെയ്തു

കോട്ടയം: കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്തു രാജ്യമൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സമയത്ത് കോട്ടയം ഈരാറ്റുപേട്ടയിൽ നിർദേശങ്ങൾ ലംഘിച്ചു കൊണ്ട് ജുമാ നമസ്കാരം സംഘടിപ്പിക്കുകയായിരുന്നു. സംഭവത്തിൽ 23 പേർക്കെതിരെ കേസെടുത്തു അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ടയിലെ തന്മയ സ്കൂളിൽ നിന്നുമാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. സ്കൂൾ മാനേജരെയും സംഭവത്തിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കൊല്ലം ജില്ലയിലെ പറവൂരിലും ഇത്തരത്തിലുള്ള സംഭവം റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ചുകൊണ്ട് പള്ളിയിൽ നമസ്കാരം നടത്തിയ അഞ്ചു പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. കൂടാതെ കൊച്ചിയിൽ പള്ളി വികാരി ഉൾപ്പെടെ ആറുപേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ അനാവശ്യമായി ഒത്തുകൂടുകയോ സർക്കാർ നിർദേശങ്ങളെ ലംഘിക്കുകയോ ചെയ്താൽ കർശന നടപടി കൈക്കൊള്ളുമെന്നാണ് സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.