വിദേശത്തു ലേബർ ക്യാമ്പിൽ ഭക്ഷണവും മരുന്നും എത്തിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്ത് വിദേശത്തുള്ള പ്രവാസി മലയാളികൾക്ക് ക്യാമ്പിൽ ഭക്ഷണവും മരുന്നുകളും എത്തിച്ചു നൽകാനുള്ള അടിയന്തര നടപടി കൈക്കൊള്ളുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി വി മുരളീധരൻ വ്യക്തമാക്കി. കൂടാതെ ഗൾഫിൽ ഇന്ത്യൻ എംബസിയുടെ കാന്റീൻ സൗകര്യം കൊണ്ടുവരാനുള്ള കാര്യത്തെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികൾക്ക് ആദ്യ മുൻഗണന നൽകുമെന്നും അല്ലാത്തവർക്ക് മേയ് വരെ കാത്തിരിക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആയിരത്തോളം പേർക്ക് രോഗബാധ കണ്ടെത്തിയതായി യുഎഇ അറിയിച്ചിട്ടുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇവരെ നാട്ടിലേക്ക് കൊണ്ടു വന്നാൽ ഐസോലേഷൻ സൗകര്യം ഒരുക്കുന്ന കാര്യത്തിൽ ബുദ്ധിമുട്ടുണ്ടാകും എന്നും ഗൾഫിലെ ഇന്ത്യൻ എംബസിയുടെ നിയന്ത്രണത്തിൽ ക്വറന്റൈൻ സൗകര്യം ഒരുക്കുന്ന കാര്യത്തെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു. വിദേശത്ത് മരിച്ചിട്ടുള്ള ആളുകളുടെ മൃതദേഹം ഇന്ത്യയിലെത്തിക്കാൻ വേണ്ടിയുള്ള നടപടി സ്വീകരിക്കുമെന്നും വെള്ളിയാഴ്ച കൊച്ചിയിലും ഡൽഹിയിലും മൃതദേഹങ്ങൾ എത്തിക്കുന്നുണ്ടന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. കൂടാതെ ഇറാനിൽ കുടുങ്ങിയ മത്സ്യതൊഴിലാളികൾക്ക് ഭക്ഷണവും മരുന്നും എത്തിക്കുവാനുള്ള സൗകര്യം ഒരുക്കുമരുന്നും വി മുരളീധരൻ കൂട്ടിച്ചേര്‍ത്തു.