കൊച്ചിയിൽ മോഡൽ കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കൊച്ചി : കാസർഗോഡ് സ്വദേശിയും മോഡലുമായ പത്തൊൻപത് വയസുകാരി കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ കസ്റ്റഡിയിലെടുത്ത പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. രാജസ്ഥാൻ സ്വദേശിയായ യുവതിയും തൃശൂർ കൊടുങ്ങല്ലൂർ സ്വദേശികളായ യുവാക്കളുമാണ് കൊച്ചി സൗത്ത് പോലീസിന്റെ കസ്റ്റഡിയിൽ ഉള്ളത്.

ബാറിൽ കുഴഞ്ഞ് വീണ പെൺകുട്ടിയെ പ്രതികളായ വിവേകും,രാഹുലും,സുദീപും ചേർന്ന് കാറിൽ കയറ്റി കൊണ്ട് പോകുകയായിരുന്നു. 45 മിനിറ്റോളം കാറുമായി പ്രതികൾ നഗരത്തിന്റെ പല ഭാഗങ്ങളിൽ കറങ്ങി പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. തുടർന്ന് ബാറിൽ തിരിച്ചെത്തിയ യുവാക്കൾ രാജസ്ഥാൻ സ്വദേശിയായ ഡിംപിൾ ലാമ്പയെ കാറിൽ കയറ്റുകയും തുടർന്ന് പെൺകുട്ടിയെ കാക്കനാടുള്ള ഫ്ലാറ്റിൽ ഇറക്കി വിടുകയായിരുന്നു.

പെൺകുട്ടി തന്റെ മറ്റൊരു സുഹൃത്തിനോട് സംഭവം തുറന്ന് പറഞ്ഞതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. സുഹൃത്തിന്റെ സഹായത്തോടെ പെൺകുട്ടി ആശുപത്രിയിൽ ചികിത്സ തേടുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. തുടർന്ന് പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ തന്നെ പ്രതികളെ തിരിച്ചറിയുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

പീഡനത്തിന് ഇരയായ കാസർഗോഡ് സ്വദേശിനിയും യുവാക്കളും സുഹൃത്തുക്കൾ ആയിരുന്നതായാണ് വിവരം. പെൺകുട്ടിയുടെ കൂടെ മറ്റൊരു പെണ്സുഹൃത്ത് ഉണ്ടായിരുന്നതായും സൂചനയുണ്ട്. മോഡലിംഗിനായാണ് പെൺകുട്ടി കാസർഗോഡ് നിന്നും കൊച്ചിയിലെത്തിയതെന്നാണ് വിവരം. പ്രതികൾ കുറ്റകൃത്യത്തിനായി ഉപയോഗിച്ച കാർ പോലീസ് കസ്റ്റഡിയിലെടുത്തു.