നാഗ്പൂർ : മഹാരാഷ്ട്ര മന്ത്രിസഭയിലെ 39 മന്ത്രിമാർ ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നാഗ്പുരില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവർണർ പി.സി.രാധാകൃഷ്ണൻ സത്യവാചകം ചൊല്ലിക്കൊടുത്തു.
നാഗ്‌പൂരിലെ രാജ്ഭവനിൽ വച്ചായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. 19 ബിജെപി, 11 ശിവസേന, 9 എൻസിപി എംഎൽഎമാർ എന്നിവർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്‌തു. പുതിയ ഒമ്പത് എംഎൽഎമാർക്ക് ബിജെപി മന്ത്രിസഭയിൽ അവസരം നൽകി. ഏകാന്ത് ഷിൻഡെയുടെ ശിവസേന 6 പുതിയ മന്ത്രിമാരെ അവതരിപ്പിച്ചപ്പോൾ അജിത് പവാറിൻ്റെ എൻസിപി 5 പുതിയ സ്ഥാനാർഥികൾക്ക് മന്ത്രിസഭയിൽ അവസരം നൽകി.
ഇതോടെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും അടക്കം മഹാരാഷ്‌ട്ര മന്ത്രിസഭയുടെ അംഗബലം 42 ആയി. പുതിയ മന്ത്രിമാരില്‍ 33 പേർക്ക് കാബിനറ്റ് പദവിയും ആറു പേർക്കു സഹമന്ത്രിസ്ഥാനവും ലഭിച്ചു.
മറാഠ, ഒബിസി, പട്ടികജാതി/പട്ടികവർഗങ്ങള്‍ക്ക് പ്രാതിനിധ്യം ഉറപ്പുവരുത്തിയാണു മന്ത്രിമാരെ നിശ്ചയിച്ചത്. പ്രമുഖ ബിജെപി നേതാക്കളായ ചന്ദ്രശേഖർ ബവൻകുലെ, ചന്ദ്രകാന്ത് പാട്ടീല്‍, പങ്കജ മുണ്ടെ, ആശിഷ് ഷേലർ എന്നിവരും എൻസിപിയിലെ ധനഞ്ജയ് മുണ്ടെ, ഹസൻ മുഷറിഫ് എന്നിവരും മന്ത്രിസഭയില്‍ ഉൾപ്പെട്ടുവെങ്കിൽ മുതിർന്ന എൻസിപി നേതാക്കളായ ഛഗൻ ഭുജ്ബല്‍, ദിലീപ് വല്‍സെ പാട്ടീല്‍, ബിജെപി നേതാവ് സുധീർ മുംഗന്തിവാർ, വിജയ്കുമാർ ഗാവിത്, ശിവസേനയിലെ തനാജി സാവന്ത്, ദീപക് കേസർക്കർ, അബ്ദുള്‍ സത്താർ എന്നീ പ്രമുഖർക്ക് മന്ത്രിസഭയില്‍ ഇടം നേടാനായില്ല.
പങ്കജ മുണ്ടെ അടക്കം നാലു വനിതകള്‍ മന്ത്രിമാരായി. ഇവരില്‍ രണ്ടു പേർക്ക് കാബിനറ്റ് പദവി ലഭിച്ചു. അജിത് പവാറിൻ്റെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ (എൻസിപി) നിന്ന് ധനഞ്ജയ് മുണ്ടയ്‌ക്ക് മന്ത്രി സ്ഥാനവും ബിജെപിയിൽ നിന്ന് പങ്കജ് മുണ്ടെയ്ക്ക് മന്ത്രി സ്ഥാനവും നൽകി. രണ്ട് സഹോദരങ്ങളായ പങ്കജ് മുണ്ടെയും ധനഞ്ജയ് മുണ്ടെയും ആദ്യമായി മന്ത്രിസഭയിൽ ഒരുമിച്ച് പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയും ഈ മന്ത്രിസഭക്കുണ്ട്.
പടിഞ്ഞാറൻ മഹാരാഷ്‌ട്രയ്ക്കാണ് മന്ത്രിസഭയില്‍ ഏറ്റവും അധികം പ്രാതിനിധ്യം ലഭിച്ചത്. ഒമ്പതു പേർ ഈ മേഖലയില്‍നിന്ന് മന്ത്രിസഭയിലെത്തി. വടക്കൻ മഹാരാഷ്‌ട്ര(8), വിദർഭ(7), മറാഠ്‌വാഡ(6), മുംബൈ-താനെ(4), കൊങ്കണ്‍(5) എന്നിങ്ങനെയാണു മറ്റു മേഖലകളുടെ പ്രാതിനിധ്യം.
33 വർഷത്തിനുശേഷമാണു നാഗ്പുരില്‍ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കുന്നത്. 1991ല്‍ സുധാകർറാവു നായിക് മന്ത്രിസഭയുടെ വികസനം നടന്നപ്പോഴാണ് ഇതിനു മുന്പ് നാഗ്പുരില്‍ സത്യപ്രതിജ്ഞ നടന്നത്.
ദേവേന്ദ്ര ഫഡ്‌നാവിസിനെ സ്വീകരിക്കാൻ വൻ ഘോഷയാത്രയാണ് നഗരത്തിൽ നടന്നത്. നേരത്തെ നാഗ്‌പൂരിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞയ്ക്ക് എത്തിയ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് വൻ വരവേൽപ്പ് നൽകിയിരുന്നു. ‘ഈ ശക്തി ഞങ്ങളുടെ തലയിലല്ല, ഞങ്ങളുടെ കാലുകൾ നിലത്തുതന്നെയായിരിക്കുമെന്ന്’ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വ്യക്തമാക്കി.
മന്ത്രിസ്ഥാനം ലഭിക്കാത്തവർക്ക് രണ്ടര വർഷത്തിനുശേഷം അവസരം നല്കുമെന്ന് ഉപമുഖ്യമന്ത്രി അജിത് പവാർ പറഞ്ഞു. മഹാരാഷ്‌ട്ര നിയമസഭയുടെ ശൈത്യകാല സമ്മേളനം ഇന്നു മുതല്‍ 21 വരെ നാഗ്പുരില്‍ നടക്കും.
Mahayuti alliance ministry in Maharashtra was expanded at Nagpur with 39 ministers being sworn in.