കൊച്ചിയിൽ ഓടുന്ന കാറിൽ പത്തൊൻപത്കാരിയായ മോഡലിനെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിൽ യുവതിയടക്കം നാല് പേർ അറസ്റ്റിൽ

കൊച്ചി : കൊച്ചിയിൽ ഓടുന്ന കാറിൽ പത്തൊൻപത്കാരിയായ മോഡലിനെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിൽ യുവതിയടക്കം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശികളാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം നടന്നത്. എറണാകുളം സ്വദേശിയും മോഡലുമായ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്.

ബലാത്സംഗത്തിനിടെ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സുഹൃത്തായ യുവതിക്കൊപ്പമാണ് പെൺകുട്ടി നഗരത്തിലെ ഒരു ബാറിൽ എത്തിയത്. തുടർന്ന് ബാറിൽ കുഴഞ്ഞ് വീണ പെൺകുട്ടിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് യുവതി ആൺസുഹൃത്തുക്കളെ വിളിച്ച് വരുത്തി അവരുടെ കാറിൽ കയറ്റുകയായിരുന്നു. തുടർന്ന് രാത്രി ഏറെ വൈകുവോളം പെൺകുട്ടിയുമായി യുവാക്കൾ കൊച്ചിയിലെ പലഭാഗങ്ങളിലായി കറങ്ങുകയായിരുന്നു.

പുലർച്ചെ രണ്ട് മണിയോടെ പെൺകുട്ടിയെ കാക്കനാടുള്ള താമസ സ്ഥലത്ത് ഇറക്കിവിട്ട പ്രതികൾ കടന്ന് കളയുകയായിരുന്നു. പെൺകുട്ടി ഈ വിവരം സുഹൃത്തിനോട് പറഞ്ഞതോടെയാണ് വിവരം പുറത്തറിഞ്ഞത്. തുടർന്ന് സുഹൃത്തിന്റെ സഹായത്തോടെ പെൺകുട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ കൊടുങ്ങല്ലൂർ സ്വദേശികളായ യുവാക്കളാണ് പ്രതികളെന്ന് കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.