56 വർഷത്തിനിടയിൽ ഗയാന സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി.
ഗയാന പ്രസിഡന്റ് മൊഹമ്മദ് ഇർഫാൻ അലി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജകീയ സ്വീകരണം നൽകി.
പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണ അമേരിക്കൻ രാജ്യമായ ഗയാനയിൽ എത്തിയതോടെ 56 വർഷത്തിനിടയിൽ ഗയാന സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി ചരിത്രം സൃഷ്ടിച്ചു. ബുധനാഴ്ച ഗയാനയുടെ തലസ്ഥാനമായ ജോർജ്ടൗണിൽ എത്തിച്ചേർന്ന അദ്ദേഹത്തെ ഗയാന പ്രസിഡന്റ് മൊഹമ്മദ് ഇർഫാൻ അലിക്കും പ്രധാനമന്ത്രി മാർക്ക് ആന്റലി ഫിലിപ്സിനുമൊപ്പം പന്ത്രണ്ടോളം മന്ത്രിമാരും ചേർന്ന് മോദിയെ സ്വീകരിച്ചു.
മോദിയുടെ വരവിനോടനുബന്ധിച്ച് ജോർജ് ടൗണിൽ ഗാർഡ് ഓഫ് ഓണറും ഔപചാരിക സ്വീകരണവും നടന്നു. യാത്രയ്ക്കിടയിൽ പ്രധാനമന്ത്രി മോദി ഗയാന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തെ അഭിസംബോധന ചെയ്യും. കൂടാതെ, കരീബിയൻ രാജ്യങ്ങളുമായുള്ള സഹകരണ സംവാദത്തിനായി നടക്കുന്ന രണ്ടാമത്തെ ഇന്ത്യ-കാരികോം ഉച്ചകോടിയിലും പങ്കെടുക്കും.
2023 ജനുവരിയിൽ നടന്ന പ്രവാസി ഭാരതീയ ദിവസ് പരിപാടിയിൽ ഗയാനയുടെ പ്രസിഡന്റായ അലി മുഖ്യാതിഥിയായി പങ്കെടുത്തതിനു ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെട്ടതായാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.
ആരോഗ്യം, സംരംഭകത്വം, പ്രതിരോധം തുടങ്ങിയ മേഖലകളിൽ ഇന്ത്യയും ഗയാനയും ഇടക്കാലത്തേക്ക് പരസ്പരം വികസന പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള കരകൗശലതൊഴിലാളികൾ നിർമ്മിച്ച സമുദ്രയാന ഫെറി, രണ്ട് HAL 228 വിമാനങ്ങൾ, 30,000 ആദിവാസി കുടുംബങ്ങൾക്ക് സൗര ലൈറ്റുകൾ, 800 ഗയാന പൗരന്മാർക്കുള്ള പരിശീലനം തുടങ്ങി വിവിധ മേഖലകളിൽ സഹകരണ പദ്ധതികൾ നടപ്പിലാക്കി.
പ്രധാനമന്ത്രിയുടെ ഈ സന്ദർശനം, ഇന്ത്യയുടെ വളരുന്ന വിദേശനയ ലക്ഷ്യങ്ങളിൽ ഗയാനയ്ക്ക് ഉള്ള തന്ത്രപ്രാധാന്യത്തെയും ചൂണ്ടിക്കാണിക്കുന്നു. വിശാലമായ എണ്ണശേഖരങ്ങൾ കാരണം ലോകത്തിലെ വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി മാറിയ ഗയാന, പ്രതിരോധവും സുരക്ഷയും, എനർജിയും, അടിസ്ഥാനസൗകര്യങ്ങളും വ്യാപാരവും ഉൾപ്പെടെയുള്ള മേഖലകളിൽ സഹകരണത്തിനായി വലിയ സാധ്യതകൾ നൽകുന്നു.
https://x.com/narendramodi/status/1859417891432693770?t=vfkbJWwWqk3tSLcYAhsSIQ&s=19
ഗയാനയിലെ ഇന്ത്യൻ സമൂഹവും പ്രധാനമന്ത്രിക്ക് വർണാഭമായ സ്വീകരണമൊരുക്കിയിരുന്നു. ഗയാനയിലെ ക്യാബിനറ്റ് മന്ത്രിമാർ ഉൾപ്പെടെയുള്ളവർ ഈ സ്വീകരണ ചടങ്ങിലും പങ്കെടുത്തു. ഇന്ത്യയും ഗയാനയും തമ്മിലുള്ള സൗഹൃദത്തിന്റെ അടയാളമായി ജോർജ് ടൗൺ മേയർ പ്രധാനമന്ത്രിക്ക് പ്രതീകാത്മകമായി ‘ജോർജ്‍ടൗൺ നഗരത്തിന്റെ താക്കോൽ’ കൈമാറി. ബ്രസീൽ, നൈജീരിയൻ സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് പ്രധാനമന്ത്രി ഗയാനയിലെത്തിയത്.
ഗയാനയിലെ ഇന്ത്യൻ അംബാസഡർ അമിത് എസ്. തെലാങ് ഈ സന്ദർശനത്തെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ നാഴികക്കല്ലാണെന്ന് വിശേഷിപ്പിച്ചു. 56 വർഷത്തിന് ശേഷം, ഈ സന്ദർശനം കാലക്രമേണ വളർന്നുവരുന്ന ശക്തമായ സൗഹൃദത്തെയും സഹകരണത്തെയും പ്രതിനിധീകരിക്കുന്നു,” അദ്ദേഹം പറഞ്ഞു.
വിമാനത്താവളത്തിൽ നിന്ന് ഹോട്ടലിലേക്ക് പോയ മോദിയെ സ്വീകരിക്കാൻ ഗയാന പ്രസിഡന്റിനൊപ്പം ഗ്രെനേഡ പ്രധാനമന്ത്രി ഡിക്കൻ മിച്ചൽ, ബാർബഡോസ് പ്രധാനമന്ത്രി മിയ അമോർ എന്നിവരും എത്തിയിരുന്നു. ഗയാനയും ബാർബഡോസും തങ്ങളുടെ പരമോന്നത പുരസ്കാരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഗയാനയുടെ പരമോന്നത ദേശീയ പുരസ്കാരമായ ‘ദ ഓർഡർ ഓഫ് എക്സലൻസ്’, ബാർബഡോസിന്റെ ഉന്നത ബഹുമാതിയായ ‘ഓണററി ഓർഡർ ഓഫ് ഫ്രീഡം ഓഫ് ബാർബഡോസ്’ എന്നവയാണ് മോദിക്ക് സമ്മാനിക്കുക. ഏതാനും ദിവസം മുമ്പാണ് ഡെമിനികയും തങ്ങളുടെ പരമോന്നത പുരസ്കാരമായ ‘ഡൊമിനിക അവാർഡ് ഓഫ് ഓണർ’ നരേന്ദ്ര മോദിക്ക് സമ്മാനിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിക്കുന്ന അന്താരാഷ്ട്ര അംഗീകാരങ്ങളുടെ എണ്ണം 19 ആയി.
Summary : Prime Minister Modi’s Historic Visit to Guyana: A New Era in Bilateral Relations