തിരുവനന്തപുരം : അമിതമായി ലഹരി ഉപയോഗിച്ചതിനെ തുടർന്ന് പെരുമാതുറയിൽ പതിനേഴുകാരൻ മരിച്ച സംഭവത്തിൽ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പെരുമാതുറ സ്വദേശികളായ സുൾഫിക്കർ-റജില ദമ്പതികളുടെ മകൻ ഇർഫാൻ (17) ന്റെ ദുരൂഹ മരണത്തിലാണ് സുഹൃത്ത് ഫൈസലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
അതേസമയം ലഹരിമരുന്ന് നൽകിയതായി ഇയാൾ പോലീസിനോട് സമ്മതിച്ചിട്ടില്ല. ഷേക്ക് കുടിക്കുന്നതിനായി ഇർഫാനാണ് തന്നെ വിളിച്ച് കൊണ്ട് പോയതെന്നാണ് ഫൈസൽ പോലീസിനോട് പറഞ്ഞത്. ലഹരി ഉപയോഗത്തിനെതിരെ വീട്ടുകാർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതായി പോലീസ് പറയുന്നു. ലഹരി സംഘങ്ങൾക്കൊപ്പം ഇർഫാനെ കണ്ടിട്ടുള്ളതായി ബന്ധുക്കൾ പറയുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെയാണ് മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് ഇർഫാൻ മരണപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെയാണ് ഇർഫാനെ സുഹൃത്തുക്കൾ വീട്ടിൽ നിന്നും വിളിച്ച് കൊണ്ട് പോയത്. തുടർന്ന് അവശനായ നിലയിലാണ് ഇർഫാനെ ഇവർ വീട്ടിലെത്തിച്ചത്. സുഹൃത്തുക്കൾ ലഹരിമരുന്ന് മണപ്പിക്കാൻ തന്നെന്നും അത് മണപ്പിച്ചതിന് പിന്നാലെ അസ്വസ്ഥത ഉണ്ടായെന്നും ഇർഫാൻ വീട്ടുകാരോട് പറഞ്ഞിരുന്നു.
ഇർഫാന്റെ നില ഗുരുതരമായതോടെ വീട്ടുകാർ ഇർഫാനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പരിശോധിച്ച ഡോക്ടർ അമിതമായി ലഹരി ഉപയോഗിച്ചതാണ് അവശതയ്ക്ക് കാരണമെന്ന് പറഞ്ഞു. രാത്രിയോടെ ഇർഫാന്റെ നില അധീവ ഗുരുതരമാകുകയും മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകും വഴി മരിക്കുകയുമായിരുന്നു.
English Summary : Mysterious in the case of the death of a seventeen-year-old