ബെംഗളൂരു : ഉത്തർപ്രദേശ് സ്വദേശിയായ കാമുകനെ വിവാഹം കഴിക്കാൻ പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലെത്തി അനധികൃതമായി താമസിക്കുകയായിരുന്ന പാകിസ്ഥാൻ യുവതിയേയും, യുവതിയെ ഇന്ത്യയിലെത്തിച്ച് രഹസ്യമായി പാർപ്പിച്ച കാമുകനേയും പോലീസ് അറസ്റ്റ് ചെയ്തു. പാകിസ്ഥാൻ പൗരയായ ഇഖ്റ ജീവാനി, ഉത്തർപ്രദേശ് സ്വദേശി മുലായം സിങ് യാദവ് എന്നിവരാണ് അറസ്റ്റിലായത്. പേരും മറ്റു വിവരങ്ങളും മറച്ച്വെച്ചാണ് പത്തൊമ്പതുകാരിയായ യുവതി ബെംഗളൂരുവിൽ താമസിച്ചിരുന്നത്.
ഓൺലൈൻ ഗെയിംമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. സൗഹൃദം പിന്നീട് പ്രണയമായി മാറിയതോടെ യുവതി മുലായം സിങ് യാദവിനെ വിവാഹം കഴിക്കാനായി ഇന്ത്യയിൽ എത്തുകയായിരുന്നു. നേപ്പാൾ വഴിയാണ് യുവതി ഇന്ത്യയിലെത്തിയത്. നേപ്പാളിൽ വെച്ച് ഇരുവരും വിവാഹിതരായതായും പോലീസ് പറയുന്നു. നേപ്പാളിൽ നിന്ന് ബീഹാറിലെത്തുകയും തുടർന്ന് ബെംഗളൂരുവിൽ എത്തുകയുമായിരുന്നു.
അതേസമയം യുവതി റാവ യാദവ് എന്ന് പേര് മാറ്റുകയും പാസ്പോർട്ടിന് അപേക്ഷിക്കുകയും ചെയ്തിരുന്നു. കൂടാതെ വ്യാജ പേരിൽ ആധാർ കാർഡ് എടുക്കുകയും ചെയ്തിരുന്നു. പാകിസ്ഥാനിലുള്ള ബന്ധുക്കളെ യുവതി ബന്ധപ്പെടാൻ ശ്രമിക്കുന്നത് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയുടെ ശ്രദ്ധയിൽപെട്ടതോടെയാണ് സംഭവം പുറത്തായത്. യുവതിയുടെ ലക്ഷ്യം ചാരപ്രവർത്തിയാണോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ച് വരികയാണ്.
English Summary : pakistani ikhra jeevani staying illegally in bengaluru arrested