Tuesday, January 14, 2025
-Advertisements-
INTERNATIONAL NEWSകുവൈത്തില്‍ കണ്ടത് മിനി-ഹിന്ദുസ്ഥാൻ : നരേന്ദ്ര മോദി

കുവൈത്തില്‍ കണ്ടത് മിനി-ഹിന്ദുസ്ഥാൻ : നരേന്ദ്ര മോദി

chanakya news

കുവൈത്തില്‍ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഷെയ്ഖ് സാദ് അല്‍ അബ്ദുള്ള ഇൻഡോർ സ്പോർട്സ് കോംപ്ലക്സില്‍ സംഘടിപ്പിച്ച ‘ഹലാ മോദി’ പരിപാടിയില്‍ നരേന്ദ്രമോദിയെ കാണാനും കേള്‍ക്കാനുമായി പതിനായിരക്കണക്കിന് ഇന്ത്യക്കാരാണ് ഒത്തുകൂടിയത്.

കുവൈറ്റിലെത്തിയ തനിക്ക് ഇവിടെയൊരു മിനി-ഹിന്ദുസ്ഥാൻ കാണാൻ കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഏകദേശം രണ്ട്.. രണ്ടര മണിക്കൂർ മുമ്ബാണ് കുവൈത്തില്‍ വന്നിറങ്ങിയത്. ഇവിടെ കാലെടുത്ത് വച്ച നിമിഷം മുതല്‍ സവിശേഷവും അസാധരണവുമായ ഊഷ്മളത തനിക്ക് അനുഭവപ്പെട്ടു. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ ഇവിടെ കാണാം. പക്ഷെ നിങ്ങളെയെല്ലാവരെയും മുൻപില്‍ ഇങ്ങനെ ഒന്നിച്ച്‌ കാണുമ്ബോള്‍ ‘മിനി-ഹിന്ദുസ്ഥാൻ’ പോലെയാണ് തോന്നുന്നത്. – പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയും കുവൈത്തും തമ്മിലുള്ള ബന്ധം ആഴത്തില്‍ വേരൂന്നിയതാണെന്നും ചരിത്രപരമാണെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു. 19-ാം നൂറ്റാണ്ടില്‍ പോലും ഇരുരാജ്യങ്ങളും തമ്മില്‍ സജീവമായ വ്യാപാര ബന്ധങ്ങളുണ്ടായിരുന്നു. പണ്ടുകാലത്ത് കുവൈത്തിലെ വ്യാപാരികള്‍ ഗുജറാത്തി പഠിച്ചതും ആ ഭാഷയില്‍ പുസ്തകങ്ങള്‍ എഴുതിയതും അവരുടെ ലോകപ്രശസ്തമായ പേളുകള്‍ ഇന്ത്യൻ വിപണിയില്‍ കച്ചവടം ചെയ്തതും ഗുജറാത്തിലെ മുതിർന്ന പൗരന്മാർ ഇപ്പോഴും ഓർക്കുന്ന കാര്യങ്ങളാണ്. ഇന്ത്യയും കുവൈത്തും തമ്മില്‍ ബന്ധം ദീർഘകാലമായുള്ളതാണെന്നും മോദി എടുത്തുപറഞ്ഞു.

ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്തിലെത്താൻ 43 വർഷമെടുത്തു. അതിന് നിയോഗിക്കപ്പെട്ടതില്‍ തനിക്ക് സന്തോഷമുണ്ട്. കുവൈത്തിലുള്ളവർക്ക് ഇന്ത്യയിലേക്ക് വരാൻ നാല് മണിക്കൂർ മതി, എന്നാല്‍ ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്തിലെത്താൻ നാല് ദശാബ്ദങ്ങളാണ് വേണ്ടിവന്നത്. അതിനാല്‍ ഇന്ന്, ഈ നിമിഷം വ്യക്തിപരമായി തനിക്ക് വളരെ സവിശേഷമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് ശേഷം കുവൈത്തിലെത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. കുവൈത്ത് അമീറിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് അദ്ദേഹം ദ്വിദിന സന്ദർശനത്തിനായി എത്തിയത്.