കാർത്തികമാസത്തിലെ കൃഷ്ണപക്ഷത്തിൽ വരുന്ന ഏകാദശിയാണ് രാമ ഏകാദശിയായി കണക്കാക്കുന്നത്. ഇത്തവണ ഒക്ടോബർ 28 നാണ് രാമ ഏകാദശി വരുന്നത്.
രാമ ഏകാദശിയുടെ മാഹാത്മ്യമെന്ത്?
ഭഗവാൻ ശ്രീകൃഷ്ണനോട് യുധിഷ്ഠിര മഹാരാജാവ് ചോദിച്ചു, “ഹേ, ജനാർദ്ദനാ! കാർത്തിക മാസത്തിലെ കൃഷ്ണ പക്ഷത്തിലെ ഏകാദശിയുടെ നാമം എന്താണ്? ദയവായി അതേക്കുറിച്ച് വ്യക്തമാക്കിയാലും.”
ശ്രീകൃഷ്ണ ഭഗവാൻ മറുപടി പറഞ്ഞു, “ഹേ രാജശ്രേഷ്ഠാ, ഈ ഏകാദശിയുടെ നാമമാണ് രാമ ഏകാദശി. ഒരുവന്റെ സകലപാപങ്ങളും നശിപ്പിക്കുന്ന ഈ ഏകാദശിയുടെ മഹത്വം ദയവായി ശ്രവിച്ചാലും”.
വളരെ കാലങ്ങൾക്ക് മുൻപ്, മുചുകുന്ദൻ എന്ന നാമത്തോടു കൂടിയ പ്രസിദ്ധനായ ഒരു രാജാവ് ഉണ്ടായിരുന്നു. അദ്ദേഹം സ്വർഗരാജാവായ ഇന്ദ്രനോടും, യമരാജാവിനോടും, വരുണ , വിഭീഷണനുമായും (അസുര രാജാവായ രാവണന്റെ അനുജൻ) നല്ല സുഹൃദ് ബന്ധം പുലർത്തിയിരുന്നു. സത്യസന്ധമായ ഭരണം കാഴ്ചവെക്കുന്നതിലും ഈശ്വര ഭക്തിയിലും മുചകുന്ദൻ എപ്പോഴും ആത്മാർഥത കാണിച്ചിരുന്നു. ഉചിതമായ രീതിയിൽ അദേഹം തന്റെ രാജ്യം ഭരിക്കുകയും ചെയ്തു.
കാല ക്രമത്തിൽ മുചുകുന്ദ രാജാവിന് ഒരു മകൾ ജനിച്ചു. ശ്രേഷ്ഠമായ ചന്ദ്രഭാഗാ എന്ന നാമം അവൾക്കു നൽകി. യഥാസമയം, ചന്ദ്രസേന രാജാവിന്റെ മകൻ ശോഭനനുമായി അവളുടെ വിവാഹം വേദവിധിപ്രകാരം നടത്തി. ഒരു ദിവസം ശോഭനൻ ഭാര്യാ പിതാവിന്റെ കൊട്ടാരത്തിൽ ഏകാദശി ദിവസം എത്തിച്ചേർന്നു. ശോഭനൻ ഏകാദശി വ്രതം നോൽക്കുന്നതിൽ ഭാര്യ ചന്ദ്രഭാഗ ഉത്കണ്ഠാകുലയായിരുന്നു. കാരണം അദ്ദേഹം ശാരീരികമായി വളരെ ക്ഷിണിതനായിരുന്നു. അവൾ ചിന്തിച്ചു, “എന്റെ ഭഗവാനേ, ഇനി എന്തു സംഭവിക്കും? എന്റെ ഭർത്താവ് അശക്തനാണ്, അദ്ദേഹത്തിന് വിശപ്പു സഹിക്കുവാൻ കഴിയില്ല. മാത്രമല്ല എന്റെ പിതാവ് ഏകാദശി ആചരിക്കുന്നതിൽ വളരെ കൃത്യനിഷ്ഠയുള്ള വ്യക്തിയുമാണ്. ഏകാദശിയുടെ ഒരു ദിവസം മുൻപേ തന്നെ ഏകാദശി ദിനത്തിൽ ആരും ഭക്ഷണം കഴിക്കരുത് എന്ന് പിതാവ് വിളംബരം ചെയ്യുന്നതും പതിവാണ്.”
“ഇത് കേട്ട ശോഭനൻ ഭാര്യയോട് പറഞ്ഞു. ” എന്റെ ജീവൻ രക്ഷിക്കുവാനും, നിന്റെ പിതാവിന്റെ ആജ്ഞ ലംഘിക്കാതിരിക്കുവാനും ഞാൻ എന്തു ചെയ്യും. ചന്ദ്രഭാഗാ മറുപടി പറഞ്ഞു, “പ്രിയപ്പെട്ട നാഥാ, മനുഷ്യരെ കുറിച്ച് എന്ത് പറയുവാൻ, എന്റെ പിതാവിന്റെ രാജ്യത്തിലെ ആനയ്ക്കോ, കുതിരയ്ക്കോ പോലും ഏകാദശി ദിവസം ഭക്ഷണം കഴിക്കുവാനുള്ള സമ്മതമില്ല. പിന്നെ എങ്ങനെ മനുഷ്യർക്ക് ഭക്ഷിക്കുവാൻ സാധിക്കും. അങ്ങേയ്ക്ക് ഇന്ന് ഭക്ഷണം കഴിക്കണമെന്ന ആഗ്രഹം ഉണ്ടെങ്കിൽ അങ്ങ് സ്വഗൃഹത്തിലേക്ക് മടങ്ങി പോകേണ്ടി വരും. അതിനാൽ അങ്ങ് ഈ കാര്യം മനസ്സിലാക്കി ഒരു തീരുമാനം കൈക്കൊള്ളുക.”
ഭാര്യയുടെ വാക്കുകൾ കേട്ട ശോഭനൻ പറഞ്ഞു. ” നീ പറഞ്ഞത് തീർച്ചയായും ശരിയാണ്, എങ്കിലും ഞാൻ ഈ ഏകാദശി ദിവസം വ്രതം ആചരിക്കുവാൻ തീരുമാനിച്ചു. എന്താണോ എനിക്ക് വിധിച്ചത് അത് തീർച്ചയായും സംഭവിച്ചിരിക്കും.”
അങ്ങിനെ കരുതി ശോഭനൻ ഏകാദശി വ്രതം പാലിച്ചു. പക്ഷെ വിശപ്പും ദാഹവും കാരണം അസ്വസ്ഥനായിരുന്നു അദ്ദേഹം. സൂര്യൻ അസ്തമിച്ചതിനു ശേഷം വൈഷ്ണവരും മറ്റു പുണ്യാത്മാക്കളും സന്തോഷവാന്മാരായി.
ഹേ രാജശ്രേഷ്ഠാ, അവർ എല്ലാവരും പരമദിവ്യോത്തമ പുരുഷനെ ആരാധിക്കുകയും കീർത്തിക്കുകയും ചെയ്തു. എന്നാൽ ശോഭനന് ആ രാത്രി സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അദ്ദേഹം സൂര്യോദയത്തിനു മുൻപേ തന്നെ മരണമടഞ്ഞു. രാജാ മുചുകുന്ദൻ, ശോഭനന്റെ അന്ത്യക്രിയകൾ രാജകീയമായി തന്നെ നടത്തി. ചന്ദന തടിയിൽ അദ്ദേഹത്തിന്റെ ശരീരം ദഹിപ്പിച്ചു. പിതാവിന്റെ ആജ്ഞ പ്രകാരം, ചന്ദ്രഭാഗ അഗ്നിയിൽ പ്രവേശിച്ചില്ല. തന്റെ ഭർത്താവിന്റെ ശ്രാദ്ധ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം ചന്ദ്രഭാഗ തന്റെ പിതാവിന്റെ ഗൃഹത്തിൽ തന്നെ തുടർന്നു.
അതിനിടയിൽ രാമ ഏകാദശി പാലനത്തിന്റെ ഫലമായി ശോഭനൻ, മന്ദര പർവതത്തിൽ സ്ഥിതി ചെയ്യുന്ന ദേവപുര എന്ന സുന്ദരമായ നഗരത്തിന്റെ രാജാവായി മാറി. അദ്ദേഹം സ്വർണത്താലും, രത്നങ്ങളാലും അലങ്കരിക്കപ്പെട്ട തൂണുകൾ നിറഞ്ഞതും, രത്നങ്ങൾ പതിച്ച ചുമരുകളുള്ളതുമായ കൊട്ടാരത്തിൽ വസിച്ചു. അദ്ദേഹത്തിന്റെ ശിരസ്സിലെ കിരീടം സ്വർണത്താലും രത്നങ്ങളാലും അലങ്കരിച്ചിരുന്നു. അദ്ദേഹത്തിന്റെ കാതുകളിൽ കുണ്ഡലങ്ങൾ അണിഞ്ഞിരുന്നു, അദ്ദേഹത്തിന്റെ കഴുത്തിലും കൈകളിലും ആഭരണങ്ങൾ അണിഞ്ഞിരുന്നു. ഈ വിധത്തിൽ അലങ്കരിപ്പെട്ട ശോഭനൻ സിംഹാസനത്തിൽ ഇരുന്നുകൊണ്ട് സ്വർഗ രാജാവായ ഇന്ദ്രനെ പോലെ പ്രശോഭിച്ചു. അദ്ദേഹത്തെ ഗന്ധർവന്മാരും അപ്സരസുകളും സ്വീകരിച്ചു കൊണ്ടിരുന്നു.
ഒരു ദിവസം മുചുകുന്ദപുരത്തെ സോമശർമൻ എന്ന ബ്രാഹ്മണൻ തീർത്ഥയാത്രയുടെ ഭാഗമായി ശോഭനന്റെ രാജ്യത്തിൽ എത്തി. മുചുകുന്ദ രാജാവിന്റെ മരുമകൻ എന്ന ധാരണയോടെ അദ്ദേഹം ശോഭനനെ സമീപിച്ചു. രാജാവ് അദ്ദേഹത്തെ കണ്ട ഉടനെ തന്നെ കൂപ്പുകൈകളോടെ പ്രണാമങ്ങൾ അർപ്പിച്ചു. ശേഷം അദ്ദേഹം ബ്രാഹ്മണനോട് തന്റെ ഭാര്യ ചന്ദ്രഭാഗയുടെയും, ഭാര്യാ പിതാവായ മുചുകുന്ദന്റെയും, അവിടത്തെ പ്രജകളുടെയും സുഖ വിവരങ്ങൾ അന്വേഷിച്ചു. എല്ലാവരും സമാധാനത്തോടെയും ഐക്യത്തോടെ ജീവിക്കുന്നു എന്ന് ബ്രാഹ്മണൻ അറിയിച്ചു. ശേഷം ബ്രാഹ്മണൻ ചോദിച്ചു, ” രാജൻ ഞാൻ ഒരിക്കലും ഇത്രയും മനോഹരമായ ഒരു നഗരം കണ്ടിട്ടില്ല, എങ്ങനെയാണ് ഇത്രയും മനോഹരമായ നഗരം അങ്ങേയ്ക്ക് ലഭിച്ചതെന്ന് ദയവായി പറഞ്ഞാലും.”
“രാജാവ് മറുപടി പറഞ്ഞു, കാർത്തിക മാസത്തിലെ കൃഷ്ണപക്ഷത്തിൽ വരുന്ന രാമ ഏകാദശി പാലിച്ചതിന്റെ ഫലമായാണ് എനിക്ക് ഈ അശാശ്വതമായ രാജ്യം ലഭിച്ചത്. ബ്രാഹ്മണ ശ്രേഷ്ഠാ, എന്റെ രാജ്യം എങ്ങനെ ശാശ്വതമായി നിലനിർത്താമെന്ന് ഉപദേശിച്ചു തന്നാലും. ഞാൻ പൂർണ്ണവിശ്വാസമില്ലാതെ ഏകാദശി വ്രതം പാലിച്ചതിന്റെ ഫലമായാണ് ഈ സ്ഥിരതയില്ലാത്ത രാജ്യം എനിക്ക് ലഭിച്ചത് എന്ന് തോന്നുന്നു. ഈ കാര്യങ്ങൾ മുചുകുന്ദ രാജാവിന്റെ മകളായ ചന്ദ്രഭാഗയ്ക്ക് വിശദീകരിച്ചു നൽകിയാലും. ഈ രാജ്യം സ്ഥിരതയുള്ളതാക്കി മാറ്റുവാൻ അവർക്ക് കഴിയും എന്ന് എനിക്ക് തോന്നുന്നു.”
ശോഭനന്റെ വാക്കുകൾ ശ്രവിച്ച ബ്രാഹ്മണൻ മുചുകുന്ദപുരത്തിലേക്ക് പോയശേഷം ചന്ദ്രഭാഗയ്ക്ക് എല്ലാം വിശദീകരിച്ചു നൽകി. ഈ സംഭവങ്ങൾ എല്ലാം കേട്ട ചന്ദ്രഭാഗ അതിയായ സന്തോഷത്തോടെ ബ്രാഹ്മണനോട് പറഞ്ഞു. ‘അങ്ങയുടെ വാക്കുകൾ സ്വപ്നം പോലെ എനിക്ക് തോന്നുന്നു’! ശേഷം ബ്രാഹ്മണൻ മറുപടി പറഞ്ഞു, “പുത്രീ! ഞാൻ നിന്റെ ഭർത്താവിനെ ദേവപുര എന്ന രാജ്യത്തിൽ വച്ച് നേരിട്ട് കണ്ടിരുന്നു. സൂര്യനെ പോലെ ശോഭയുള്ളതായിരുന്നു അദ്ദേഹത്തിന്റെ രാജ്യം. പക്ഷേ തന്റെ രാജ്യം സ്ഥിരതയില്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. അതിനാൽ നീ ആ രാജ്യത്തെ സ്ഥിരതയുള്ള രാജ്യമാക്കി മാറ്റുവാൻ പ്രവർത്തിക്കണം.” ചന്ദ്രഭാഗ മറുപടി പറഞ്ഞു, ” ബഹുമാന്യനായ ബ്രാഹ്മണാ അങ്ങ് എന്നെ ആ രാജ്യത്തിൽ എത്തിച്ചു നൽകണം. എന്റെ ഭർത്താവിനെ ദർശിക്കുവാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു. ഞാൻ എന്റെ പുണ്യത്തിന്റെ ബലത്താൽ അദ്ദേഹത്തിന്റെ രാജ്യത്തെ സ്ഥിരതയുള്ളതാക്കി മാറ്റുന്നതായിരിക്കും. ” ശ്രേഷ്ഠ ബ്രാഹ്മണാ, എനിക്ക് അദ്ദേഹത്തെ കണ്ടുമുട്ടുവാനുള്ള അവസരം നൽകിയാലും. ഇങ്ങനെ വേർപെട്ടവരെ കണ്ടുമുട്ടുവാൻ സഹായിക്കുന്നതുവഴി ഒരുവൻ പുണ്യം നേടുന്നു.
ശേഷം സോമശർമ്മൻ മന്ദര പർവ്വതത്തിനടുത്തുള്ള വാമദേവ മുനിയുടെ ആശ്രമത്തിൽ ചന്ദ്രഭാഗയെ കൂട്ടിക്കൊണ്ടുപോയി. ചന്ദ്രഭാഗയിൽ നിന്നും മുഴുവൻ കഥയും ശ്രവിച്ച വാമദേവൻ അവൾക്ക് വൈദിക മന്ത്രങ്ങളാൽ ദീക്ഷ നൽകി. വാമദേവ മുനിയിൽ നിന്നും ലഭിച്ച മന്ത്രങ്ങളും ഏകാദശി ആചരിച്ചതിന്റെ ഫലമായും ലഭിച്ച പുണ്യത്താൽ ചന്ദ്രഭാഗയ്ക്ക് ആധ്യാത്മിക ശരീരം ലഭിച്ചു. ശേഷം ചന്ദ്രഭാഗ സന്തോഷപൂർവ്വം തന്റെ ഭർത്താവിന്റെ മുൻപിൽ പോയി. സ്വന്തം ഭാര്യയെ കണ്ട ശോഭനൻ അങ്ങേയറ്റം സന്തുഷ്ടനും സംതൃപ്തനുമായി.
ചന്ദ്രഭാഗ പറഞ്ഞു “ബഹുമാന്യനായ പതീ, എന്റെ ഈ വാക്കുകൾ ദയവായി ശ്രവിക്കുക. ഞാൻ എന്റെ എട്ടാമത്തെ വയസ്സുമുതൽ തന്നെ ഏകാദശിവ്രതം നിഷ്കർഷമായി ആചരിക്കുവാൻ തുടങ്ങിയിരുന്നു. എനിക്ക് അതുവഴി ലഭിച്ച പുണ്യത്തിന്റെ ബലത്തിൽ അങ്ങയുടെ രാജ്യം, പ്രളയം വരെ സ്ഥിരതയുള്ളതുമായി അഭിവൃദ്ധിയുള്ളതുമായി മാറട്ടെ. അങ്ങനെ ആഭരണങ്ങളാൽ അലങ്കരിച്ച ദിവ്യ ശരീരം ലഭിച്ച അവൾ തന്റെ ഭർത്താവിന്റെ കൂടെ താമസിക്കുവാൻ തുടങ്ങി. രാമ ഏകാദശിയുടെ സ്വാധീനത്താൽ ശോഭനനും ദിവ്യ ശരീരം ലഭിക്കുകയും തന്റെ ഭാര്യയോടൊപ്പം മന്ദരപർവ്വതത്തിന്റെ ആനന്ദത്തോടെ ജീവിക്കുകയും ചെയ്തു.
അതിനാൽ രാജൻ! ഈ രാമ ഏകാദശി ആഗ്രഹങ്ങൾ പൂർത്തീകരിക്കുന്ന കാമധേനുവിനെയും ചിന്താമണി കല്ലു പോലെയുമാകുന്നു.
ശ്രീ കൃഷ്ണൻ ഭഗവാൻ തുടർന്നു, “രാജൻ, ഞാൻ മംഗളകരമായ രാമ ഏകാദശിയുടെ മഹത്വം അങ്ങേയ്ക്ക് വിശദീകരിച്ചു നൽകിയിരിക്കുന്നു. ഈ ഏകാദശി കർക്കശമായി പാലിക്കുന്ന ഒരു വ്യക്തി ബ്രഹ്മഹത്യാ പാപത്തിൽ നിന്നു പോലും മോചിപ്പിക്കപ്പെടുന്നു. വെളുത്ത ഗോക്കളും കറുത്ത ഗോക്കളും വെളുത്ത പാൽ തന്നെ നൽകുന്നതുപോലെ കൃഷ്ണപക്ഷത്തിലെ ഏകാദശിയും ശുക്ലപക്ഷത്തിലെ ഏകാദശിയും, അത് പാലിക്കുന്നവർക്ക് മുക്തി പ്രധാനം ചെയ്യുന്നു. ആരൊക്കെയാണോ ഈ ഏകാദശിയുടെ മഹിമകൾ ശ്രവിക്കുന്നത് അവർ എല്ലാ പാപകർമ്മങ്ങളിൽ നിന്നും മുക്തരായി ഭഗവാൻ വിഷ്ണുവിന്റെ ധാമത്തിൽ പ്രവേശിക്കുന്നു.”
This year Rama ekadeshi celebrates on October 28. This is related to Lord Mahavishnu