Tuesday, January 14, 2025
-Advertisements-
INTERNATIONAL NEWSജോലിയുടെ ഇടവേളകളിൽ

ജോലിയുടെ ഇടവേളകളിൽ

chanakya news

രാജ്യത്തെ ജനനനിരക്കിൽ വൻകുറവുണ്ടായതോടെ ‘സെക്സ് മന്ത്രാലയം’ തന്നെ സ്ഥാപിച്ച് പരിഹാരം കാണാനുള്ള നീക്കത്തിലാണ് റഷ്യ. ഇത്തരമൊരു മന്ത്രാലയം ആരംഭിക്കുന്നത് റഷ്യയുടെ പരിഗണനയിലാണെന്ന റിപ്പോർട്ടുകൾ ഇതിനകം പുറത്തുവന്നിട്ടുമുണ്ട്. പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ വിശ്വസ്തയും കുടുംബസംരക്ഷണം ഉൾപ്പെടെയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന റഷ്യൻ പാർലമെന്റ് സമിതിയുടെ അധ്യക്ഷയായ നിന ഒസ്താനിയ ഇതുസംബന്ധിച്ച അപേക്ഷ പരിഗണിക്കുകയാണെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

 

രാജ്യത്തെ ജനസംഖ്യ കുറയുന്നത് പരിഹരിക്കണമെന്ന് പ്രസിഡന്റ് പുടിൻ നേരത്തെ തന്നെ നിർദേശിച്ചിരുന്നു. ഇതിനുപിന്നാലെ ഇക്കാര്യത്തിൽ എങ്ങനെ പരിഹാരം കാണാമെന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥരും ആശയങ്ങൾ തേടുകയാണ്. 2022 മുതൽ യുക്രൈനുമായി യുദ്ധം ആരംഭിച്ചതിന് ശേഷം രാജ്യത്തെ നിരവധിപേർക്ക് ജീവൻ നഷ്ടമായിരുന്നു. എന്നാൽ, രാജ്യത്തെ ജനനനിരക്ക് ഉയരുന്നുമില്ല. ഇതോടെയാണ് ജോലിയുടെ ഒഴിവുവേളകളിലടക്കം പങ്കാളിയുമായി ലൈംഗികബന്ധത്തിലേർപ്പെടണം എന്നതടക്കം പ്രസിഡന്റ് പുടിൻ നിർദേശിച്ചത്. ഇതിനുപിന്നാലെയാണ് രാജ്യത്ത് ‘സെക്സ് മന്ത്രാലയം’ ആരംഭിക്കുന്നത് പരിഗണനയിലാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നത്.

ജനനനിരക്ക് ഉയർത്താനായി പലനിർദേശങ്ങളും ഇതിനകം അധികൃതർക്ക് മുന്നിലെത്തിയിട്ടുണ്ട്. അവയിൽ ചില നിർദേശങ്ങളും മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഇവയാണ് പ്രധാനപ്പെട്ട നിർദേശങ്ങൾ:

1. രാത്രി പത്തിനും പുലർച്ചെ രണ്ടിനും ഇടയിൽ ലൈറ്റുകളും ഇന്റർനെറ്റും ഓഫ് ചെയ്ത് പങ്കാളികൾ തമ്മിലുള്ള അടുപ്പവും സ്വകാര്യനിമിഷങ്ങൾ പങ്കുവെക്കാനുള്ള സാഹചര്യവും വർധിപ്പിക്കുക.

2. മക്കളുള്ള വീട്ടമ്മമാർക്ക് മക്കളെ വളർത്തുന്നതിനും വീട്ടിൽ നിന്ന് ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ഗൃഹകാര്യങ്ങളിൽ ഏർപ്പെടുന്നതിനുമുള്ള പ്രതിഫലമായി ശമ്പളം നൽകുക. ഇത് പെൻഷനിലും ഉൾപ്പെടുത്തും.

3. ആദ്യത്തെ ഡേറ്റിങ്ങിന് 5000 റൂബിൾ വരെ (ഏകദേശം 4395 രൂപ) സർക്കാരിന്റെ സാമ്പത്തികസഹായം.

4. വിവാഹദിനം ഹോട്ടലിൽ ചെലവഴിക്കാൻ ദമ്പതിമാർക്ക് സാമ്പത്തികസഹായം നൽകുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ട്. വിവാഹദിവസം രാത്രി ഹോട്ടലിൽ താമസിക്കുന്നതിന് 26,300 റൂബിൾ വരെ (ഏകദേശം 23,122 രൂപ) സാമ്പത്തിക സഹായം നൽകുന്നതാണ് പരിഗണിക്കുന്നത്. ഇതിലൂടെ ഗർഭധാരണം പ്രോത്സാഹിപ്പിക്കാമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

രാജ്യത്തെ ജനനനിരക്ക് വർധിപ്പിക്കാനുള്ള ഇത്തരം നിർദേശങ്ങളെല്ലാം പുതുതായി ആരംഭിക്കുന്ന ‘സെക്സ് മന്ത്രാലയ’ത്തിന് കീഴിൽ നടപ്പാക്കണമെന്നാണ് ആവശ്യം. അതിനിടെ, ഓരോ പ്രവിശ്യക്കനുസരിച്ചും ഇത്തരം സാമ്പത്തിക സഹായങ്ങളിൽ വ്യതിയാനങ്ങളുണ്ടാകുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

ഖബറോവ്സ്ക് മേഖലയിൽ 18-നും 23-നും ഇടയിൽ പ്രായമുള്ള വിദ്യാർഥികൾ കുഞ്ഞിന് ജന്മം നൽകിയാൽ പുതിയ പദ്ധതിപ്രകാരം 900 യൂറോ വരെ (ഏകദേശം 97,311 രൂപ) സാമ്പത്തികസഹായം ലഭിക്കും. എന്നാൽ, ചെൽയാബിൻസ്കിൽ മേഖലയിൽ ഇത് 8500 യൂറോ വരെ (ഏകദേശം 9.19ലക്ഷം രൂപ) യാണ്.

അടുത്തിടെ റഷ്യയിലെ പൊതുമേഖലയിൽ ജോലിചെയ്യുന്ന വനിതാ ജീവനക്കാരിൽനിന്ന് പ്രത്യേക ചോദ്യവലിയിലൂടെ അധികൃതർ വിവരങ്ങൾ ശേഖരിച്ചിരുന്നു. ലൈംഗീകതയും ആർത്തവവുമായും ബന്ധപ്പെട്ട ചോദ്യങ്ങളാണ് ചോദ്യാവലിയിലുണ്ടായിരുന്നത്.

എത്രാമത്തെ വയസ്സിലാണ് ലൈംഗീക ബന്ധം ആരംഭിച്ചത്?

ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കാറുണ്ടോ? വന്ധ്യതാപ്രശ്നങ്ങളുണ്ടോ? എപ്പോഴെങ്കിലും ഗർഭിണിയായിട്ടുണ്ടോ? ആയിട്ടുണ്ടെങ്കിൽ എത്രതവണ?

എന്തെങ്കിലും ലൈംഗികരോഗങ്ങളുണ്ടോ തുടങ്ങിയവയായിരുന്നു ചോദ്യങ്ങൾ.

ഈ ചോദ്യങ്ങൾക്ക് മറുപടി നൽകാത്ത വനിതാ ജീവനക്കാർ ഡോക്ടർമാരുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുക്കണമെന്ന ഉത്തരവും അധികൃതർ നൽകി. ഇതിനുപുറമേ മോസ്കോയിൽ സ്ത്രീകൾക്ക് സൗജന്യ ഫെർട്ടിലിറ്റി ടെസ്റ്റുകളും സർക്കാർ വാഗ്ദാനംചെയ്തിരുന്നു. ഇതുവരെ ഇരുപതിനായിരത്തോളം സ്ത്രീകൾ ഈ സൗകര്യം വിനിയോഗിച്ചതായാണ് റിപ്പോർട്ട്.

പ്രാദേശിക ആരോഗ്യ മന്ത്രിയായ ഡോ. യെവ്ജെനി ഷെസ്റ്റോപലോവ്, ഓഫീസുകളിലും ഫാക്ടറികളിലും കാപ്പി ബ്രേക്കുകളും ലഞ്ച് ബ്രേക്കുകളും റഷ്യക്കാർ പ്രജനനത്തിനായി ഉപയോഗിക്കാമെന്നും പറഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു.

Summary :Russia is considering establishing a “Ministry of Sex” in its latest move to tackle the country’s declining birth rate.