Monday, June 24, 2024
-Advertisements-
ENTERTAINMENTഗണേഷ് കുമാറിന്റെ കൂടെ വേദിയിൽ ഇരിക്കാനുള്ള യോഗ്യതയില്ല; ​മന്ത്രി ഉദ്ഘാടകനായ പരിപാടിൽ നിന്ന് തലേദിവസം രാത്രി...

ഗണേഷ് കുമാറിന്റെ കൂടെ വേദിയിൽ ഇരിക്കാനുള്ള യോഗ്യതയില്ല; ​മന്ത്രി ഉദ്ഘാടകനായ പരിപാടിൽ നിന്ന് തലേദിവസം രാത്രി ഒഴിവാക്കി; ദുരനുഭവം പങ്കുവച്ച് സീരിയൽ താരം അമൃത

chanakya news

പഠിച്ച സ്കൂളിന്റെ ശതാബ്ദി ആഘോഷത്തിൽ നിന്നും ഒഴിവാക്കിയതിന്റെ ദുരനുഭവം പങ്കുവച്ച് സീരിയൽ താരം അമൃത നായർ. മന്ത്രി ഗണേഷ് കുമാറിനൊപ്പം വേദിയിലിരിക്കാനുള്ള യോഗ്യതയില്ലെന്നു പറഞ്ഞാണ് തലേദിവസം രാത്രി പരിപാടിയിൽ പങ്കെടുക്കേണ്ടെന്ന് സംഘാടകർ വിളിച്ച് പറഞ്ഞതെന്ന് അമൃത പറയുന്നു. അമൃത പഠിച്ച പുന്നല ​ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്റെ ശതാബ്ദി ആഘോഷത്തിൽ നിന്നാണ് അമൃതയെ മാറ്റിയത്. പരിപാടിയുടെ പോസ്റ്റർ ദിവസങ്ങൾക്ക് മുൻപേ അമൃത ഇൻസ്റ്റ​ഗ്രാമിലടക്കം പങ്കുവെച്ചിരുന്നു. ജൂൺ 8ന് നടന്ന പരിപാടിയുടെ ഉദ്ഘാടനം ഗതാ​ഗത മന്ത്രി ​കെ. ബി ​ഗണേഷ് കുമാറാണ് നിർവഹിച്ചത്.

അമൃത ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണ രൂപം

ബഹുമതി, പരിഗണന അതുമല്ലെങ്കിൽ നാടൻ ഭാഷയിൽ പറഞ്ഞാൽ വില നൽകുക. എപ്പോഴാണ് ഒരു വ്യക്തിക്ക് ഇതൊക്കെ ഉണ്ടാവുന്നത്. അവൻ അല്ലെങ്കിൽ അവൾ അവരുടെ കർമ്മ പാതയിൽ വിജയിക്കുമ്പോൾ എന്നാണ് എന്റെ വിശ്വാസം. ഞാൻ എന്ന വ്യക്തി ഒത്തിരി ഉയരങ്ങളിൽ ഒന്നും എത്തിയിട്ടില്ല എന്നിരുന്നാലും, ഞാൻ ജോലി ചെയ്യുന്ന മേഖലയിലൂടെ കുറച്ച് പേർക്കെങ്കിലും എന്നെ അറിയാമെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു അഭിനേത്രി എന്ന നിലയിലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിലും എന്നെ ഇഷ്ടപ്പെടുന്നവർ ആ നിലയിൽ എന്നെ അവരുടെ കൂടെ ചേർത്ത് നിർത്തുന്നുണ്ട്. പക്ഷേ, ആ ഒരു സ്നേഹവും പരിഗണനയും പോലും എന്റെ ജന്മനാട്ടിൽ നിന്നും എനിക്ക് കിട്ടിയില്ല എന്ന് ഓർക്കുമ്പോഴാണ് എനിക്കേറെ വിഷമം.

ഞാൻ പഠിച്ച എന്റെ സ്വന്തം സ്കൂളിന്റെ ശതാബ്ദി ആഘോഷത്തിൽ എന്നെ അതിഥിയായി വിളിച്ചപ്പോ ശരിക്കും എനിക്ക് സന്തോഷവും അഭിമാനവും ആണ് ഉണ്ടായത്. ആ ചടങ്ങിൽ പങ്കെടുക്കാനായി ഞാനെന്റെ എല്ലാ ആവശ്യങ്ങളും മാറ്റി വെച്ച്, എന്തിനേറെ എനിക്ക് വരുമാനം കിട്ടുന്ന എന്റെ ഷൂട്ട് വരെ ഒഴിവാക്കി പോകാൻ കാത്തിരുന്നപ്പോഴാണ്, നിസാരമായി തലേന്ന് രാത്രി എന്നെ ആ ഫങ്ഷനിൽ നിന്നും മാറ്റിയ വിവരം അവിടുത്തെ ഒരു സംഘടകൻ എന്നെ വിളിച്ചു പറയുന്നത്. അതിനു അവർ പറഞ്ഞ കാരണമാണ് എന്നെ ഏറെ വിഷമിപ്പിച്ചത് “മന്ത്രിയുടെ കൂടെ വേദിയിൽ ഇരിക്കാനുള്ള യോഗ്യത” എനിക്കില്ലെന്നായിരുന്നു ആ കാരണം. സ്വന്തം നാട്ടിൽ പോലും പരിഗണിക്കപെടാനുള്ള ഭാഗ്യം എനിക്ക് നിഷേധിച്ച ആ നല്ല മനസ്സുകൾ ആരൊക്കെയാണെന്നും അറിയാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം.

ഒരു ജനപ്രതിനിധിയുടെ കൂടെ വേദിയിൽ, അതെ നാട്ടിൽ നിന്നും വളർന്ന് വരുന്ന ഒരു കലാകാരി ഇരുന്നാൽ എന്താണ് കുറച്ചിലെന്ന് എനിക്ക് മനസ്സിലാവുന്നില്ല. എല്ലാ വിഷമങ്ങളും നെഞ്ചിൽ ഒതുക്കി മുന്നോട്ട് പോകുന്നത് തന്നെയാണ് എന്റെ ശീലം. എന്നാലും ഈ സംഭവം എല്ലാരുമായും പങ്കുവെക്കണമെന്ന് എനിക്ക് തോന്നി. കാരണം, പുകഴ്താൻ കഴിഞ്ഞില്ലെങ്കിലും നാം ആരെയും ഇകഴ്‌ത്താൻ ശ്രമിക്കരുത്. പ്രത്യേകിച്ച് കുട്ടികൾക്ക് നന്മയും നേരും നല്ല ശീലങ്ങളും പകർന്നു കൊടുക്കുന്ന എന്റെ വിദ്യാലയം ഈ ശതാബ്ദി നിറവിൽ നിൽക്കുമ്പോൾ. കണ്ണീരോടെ, ഒഴിവാക്കപ്പെട്ട ഈ എളിയ കലാകാരിയുടെ ആശംസകൾ.

English Summary : serial actress amrutha and ganesh kumar