കാസർഗോഡ് സ്വദേശിനിയായ മോഡൽ കൂട്ട ബലാത്സംഗത്തിന് ഇരയായതിന് പിന്നിൽ സെക്സ് റാക്കറ്റുകൾക്ക് ബന്ധമുള്ളതായി സംശയം

കൊച്ചി : കാസർഗോഡ് സ്വദേശിനിയായ മോഡൽ കൂട്ട ബലാത്സംഗത്തിന് ഇരയായതിന് പിന്നിൽ സെക്സ് റാക്കറ്റുകൾക്ക് ബന്ധമുള്ളതായി സംശയം. മോഡലിംഗിന്റെ മറവിൽ കൊച്ചി കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റുകൾ പ്രവർത്തിക്കുന്നതായി പോലീസ് സംശയിക്കുന്നു. ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്.

അന്യ സംസ്ഥാനങ്ങളിൽ നിന്നും പെൺകുട്ടികളെ എത്തിച്ചാണ് സെക്സ് റാക്കറ്റുകൾ പ്രവർത്തിക്കുന്നത്. മോഡലിംഗിന്റെ മറവിൽ പെൺകുട്ടികളെ എത്തിക്കുകയും പിന്നീട് ഭീഷണിപ്പെടുത്തി ഡിജെ പാർട്ടികളിൽ പങ്കെടുപ്പിക്കുകയും ലഹരിമരുന്ന് നൽകി ആവിശ്യക്കാർക്ക് പെൺകുട്ടികളെ കൈമാറുകയും ചെയ്യുന്നതാണ് ഇത്തരം റാക്കറ്റുകളുടെ രീതി.

കാസർഗോഡ് സ്വദേശിനിയായ പത്തൊൻപത് കാരിയും മോഡലിംഗിന് വേണ്ടിയാണ് കൊച്ചിയിലെത്തിയത്. രാജസ്ഥാനി സ്വദേശിയായ ഡിംപിൾ ആണ് പെൺകുട്ടിയെ നിർബന്ധിച്ച് ഡിജെ പാർട്ടിക്ക് കൊണ്ട് പോയത്. തുടർന്ന് ബിയറിൽ ലഹരിമരുന്ന് കലക്കി നൽകിയ ശേഷം പെൺകുട്ടിയെ മയക്കുകയും ആവിശ്യക്കാരായ യുവാക്കളുടെ കാറിൽ പെൺകുട്ടിയെ കയറ്റി വിടുകയുമായിരുന്നു. ഡിംപിൾ ന്റെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്ന് നിരവധി തവണ ഇത്തരം ഡിജെ പാർട്ടികളിൽ പങ്കെടുത്തതായും കൂട്ട ബലാത്സംഗ കേസിലെ പ്രതിയായ യുവാവുമായി നേരത്തെയും യാത്രകൾ നടത്തിയിരുന്നതായും പോലീസ് കണ്ടെത്തി.