തിരുവനന്തപുരം : ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ സമ്മർദ്ദം മൂലമാണ് കുറ്റം സമ്മതിച്ചതെന്ന് പാറശാല ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ. രഹസ്യമായി നൽകിയ മൊഴിയിലാണ് ഗ്രീഷ്മ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. അമ്മയെയും അമ്മാവനെയും കേസിൽ നിന്ന് ഒഴിവാക്കാമെന്ന് വാഗ്ദാനം ചെയ്തതിനാലാണ് താൻ കുറ്റം സമ്മതിച്ചതെന്നും ഗ്രീഷ്മയുടെ രഹസ്യ മൊഴിയിൽ പറയുന്നു.
നെയ്യാറ്റിൻകര കോടതിയിലാണ് ഗ്രീഷ്മ രഹസ്യ മൊഴി നൽകിയത്. കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് മുന്നിൽ നിരവധി തവണ ജ്യൂസിൽ കീടനാശിനി ചേർത്ത് നൽകിയതായി ഗ്രീഷ്മ മൊഴി നൽകിയിരുന്നു. എന്നാൽ ഇക്കാര്യങ്ങൾ എല്ലാം പുതിയ മൊഴിയിലൂടെ നിഷേധിച്ചിരിക്കുകയാണ് ഗ്രീഷ്മ.
സൗഹൃദത്തിലായിരുന്ന ഷാരോണിനെ ജീവിതത്തിൽ നിന്നും ഒഴിവാക്കുന്നതിനായി വീട്ടിലേക്ക് വിളിച്ച് വരുത്തി കഷായത്തിൽ കീടനാശിനി കലർത്തി കൊടുക്കുകയായിരുന്നു. കീടനാശിനി കലർത്തിയ കഷായം കുടിച്ച് ഗുരുതരാവസ്ഥയിലായ ഷാരോൺ ഒക്ടോബർ 25 ന് ചികിത്സയിൽ കഴിയവേ മരണപ്പെടുകയായിരുന്നു.