പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നൽകി പാറ്റ് കമ്മിൻസ്

മുംബൈ : പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി ഓസ്‌ട്രേലിയൻ പേസർ പാറ്റ് കമ്മിൻസ്. രാജ്യത്ത് കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ കോവിഡിനെതിരെ പോരാടുന്നതിലേക്കായാണ് കമ്മിൻസിന്റെ സംഭാവന. 5000 ഡോളറാണ് താരം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിക്ഷേപിച്ചത്. ഇന്ത്യയെ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്നും താൻ കണ്ടതിൽ വച്ച് ഏറ്റവും സ്നേഹ സമ്പന്നരായ ആളുകളാണ് ഇന്ത്യക്കാരെന്നും കമ്മിൻസ് ട്വിറ്ററിൽ കുറിച്ചു.

ഐപിഎൽ മത്സരങ്ങൾ കുറച്ച് മണിക്കൂറുകൾ ഇന്ത്യയിലെ ജനങ്ങൾക്ക് സന്തോഷം നൽകുമെന്ന് കരുതുന്നതായും കമ്മിൻസ് ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. അതേസമയം മൂന്ന് വിദേശതാരങ്ങൾ കോവിഡ് രൂക്ഷമായതിനാൽ നാട്ടിലേക്ക് മടങ്ങി. രാജ്യം മഹാമരിക്കെതിരെ പോരാടുമ്പോൾ ഐപിഎൽ നടത്തുന്നത് ശരിയല്ലെന്ന് പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഷോയിബ് അക്തർ പ്രതികരിച്ചു.