കണ്ണൂർ : ഇരിട്ടി പൂവംപുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർത്ഥിനിയുടെ മൃതദേഹവും കണ്ടെത്തി. അഞ്ചരക്കണ്ടി സ്വദേശിനിയായ സൂര്യ (21) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൂന്നാം ദിവസത്തെ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഒഴുക്കിൽപ്പെട്ട് കാണാതായ മറ്റൊരു വിദ്യാർത്ഥിനി ഷഹബാനയുടെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തിയിരുന്നു.
ചൊവ്വാഴ്ച ഉച്ചയോടെ സുഹൃത്തിന്റെ വീട്ടിലെത്തിയ വിദ്യാർത്ഥികൾ ഫോട്ടോ എടുക്കുന്നതിനായി പുഴയിൽ ഇറങ്ങുകയും ഒഴുക്കിൽപെടുകയുമായിരുന്നു. പൂവംകടവിൽവെച്ചാണ് ഇരുവരും ഒഴുക്കിൽപെട്ടത്. അപകടംനടക്കുന്നതിന് മുൻപ് സ്ഥലത്തുണ്ടായിരുന്ന വാട്ടർ അതോറിറ്റി ജീവനക്കാർ പുഴയിൽ ഇറങ്ങരുതെന്ന് വിലക്കാൻ ശ്രമിച്ചെങ്കിലും പെട്ടെന്ന് വിദ്യാർത്ഥികൾ ഒഴുക്കിൽപെടുകയായിരുന്നു.
ഇരിക്കൂറിലെ സ്വകാര്യ കോളേജിലെ സൈക്കോളജി വിദ്യാർത്ഥികളാണ് സൂര്യയും ഷഹബാനയും. പരീക്ഷ കഴിഞ്ഞ ശേഷം സഹപാഠിയായ ജെസ്‌നയുടെ പടിയൂരിലെ വീട്ടിലെത്തുകയായിരുന്നു. ഇതിനിടെയാണ് പഴശ്ശി അണക്കെട്ടിന്റെ ഭാഗവും പുഴയും കാണുന്നതിനായി പുഴക്കരയിൽ എത്തിയത്. പുഴയുടെ വശത്തുള്ള മൺതിട്ടയിൽ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ മൺതിട്ട ഇടിഞ്ഞ് പുഴയിലേക്ക് വീഴുകയായിരുന്നു.
English Summary : students dead body found from iritty river