Tuesday, January 14, 2025
-Advertisements-
NATIONAL NEWSMumbai Newsമഹാരാഷ്ട്ര ബിജെപി എംഎൽഎ യോഗേഷ് തിലേക്കറിന്റെ മാതൃസഹോദരൻ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ബിജെപി എംഎൽഎ യോഗേഷ് തിലേക്കറിന്റെ മാതൃസഹോദരൻ കൊല്ലപ്പെട്ടു

chanakya news

പൂനെ : മഹാരാഷ്ട്ര ബിജെപി എംഎൽഎ യോഗേഷ് തിലേക്കറിന്റെ മാതൃസഹോദരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

രാവിലെ പ്രഭാതസവാരിക്കിറങ്ങിയ 55 കാരനായ സതീഷ് വാഘിനെ റോഡിൽ നിന്ന് തട്ടിക്കൊണ്ട് പോകുകയായിരുന്നു. പിന്നീട് കൊല്ലപ്പെട്ടതായി കണ്ടെത്തി. പൂനെ ജില്ലയിലെ ഹഡപ്സാർ മേഖലയിലെ ശേവാൾവാടി ചൗക്കിനടുത്താണ് എസ്എവിയിലെത്തിയ അഞ്ച് അംഗ സംഘം സതീഷ് വാഘിനെ ബലംപ്രയോഗിച്ച് തട്ടി കൊണ്ടുപോയത്.

പിന്നീട് വാഘിനെ 40 കിലോമീറ്റർ അകലെ പൂനെ-സോളാപൂർ ഹൈവേയിലെ യവത്ത് സമീപം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതായി പൂനെ അഡീഷണൽ പൊലീസ് കമ്മീഷണർ മനോജ് പാട്ടീൽ മാധ്യമങ്ങളോട് പറഞ്ഞു.

“അദ്ദേഹത്തിന്റെ ശരീരത്തിൽ നിരവധി മുറിവുകളുണ്ട്. പ്രതികളെ പിടികൂടാൻ ഊർജ്ജിതമായി അന്വേഷണം നടത്തി വരികയാണ്. അതിനായി അന്വേഷണ സംഘങ്ങളെ നിയോഗിച്ച് കഴിഞ്ഞു. പ്രാഥമിക റിപ്പോർട്ട്‌ തയ്യാറാക്കുകയാണ്. അതിന് ശേഷം കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുകയുള്ളൂ ,” പാട്ടീൽ വ്യക്തമാക്കി.

വാഘ് കൊല്ലപ്പെട്ട സ്ഥലത്ത് നിന്നും ഒരു തടികഷ്ണം കണ്ടെടുത്തിട്ടുണ്ട്. ഇതുപയോഗിച്ച് വാഘിനെ മർദ്ദിച്ചതാകാമെന്ന് പോലീസ് പറയുന്നു. എന്നാൽ മരണ കാരണം പോസ്റ്റ്‌മോർട്ടത്തിനു ശേഷമേ വ്യക്തമാക്കാൻ സാധിക്കുകയുള്ളുവെന്നും പോലീസ് പറഞ്ഞു.

വൈകുന്നേരം നടക്കാനെത്തിയ ചിലരാണ് വാഘിന്റെ മൃതദേഹം കണ്ടെത്തിയത്. അവർ പോലീസിൽ വിവരമറിയിച്ചു. ഉടനെ തന്നെ മൃതദേഹം പൂനെയിലെ സസൂൺ ആശുപത്രിയിലേക്ക് മാറ്റുകയുണ്ടായി.

വാഘിനെ തട്ടികൊണ്ട് പോകുന്നത് സിസിടിവിയിൽ ദൃശ്യമായിട്ടുണ്ട്. തിരിച്ചറിയാൻ കഴിയാത്ത അഞ്ച് പേർക്കെതിരെ ഹഡപ്സാർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

Summary : BJP MLC Yogesh Tilekar’s Uncle Kidnapped During Morning Walk, Beaten To Death In Pune