കാമുകനൊപ്പം പോകാൻ കുഞ്ഞിനേയും ഭർതൃമാതാവിനെയും കൊലപ്പെടുത്തിയ അനുശാന്തിക്ക് കോടതി ജാമ്യം അനുവദിച്ചു

ന്യുഡൽഹി : ആറ്റിങ്ങൽ ഇരട്ടക്കൊലപാതക കേസിലെ പ്രതി അനുശാന്തിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യനില പരിഗണിച്ചാണ് അനുശാന്തിക്ക് കോടതി ജാമ്യം അനുവദിച്ചത്. ശിക്ഷ റദ്ധാക്കണമെന്ന് ആവിശ്യപ്പെട്ട് അനുശാന്തി നൽകിയ ഹർജി പരിഗണിക്കുന്നത് വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

കാമുകനൊപ്പം ജീവിക്കുന്നതിനായി കുഞ്ഞിനേയും ഭർതൃ മാതാവിനെയും കൊലപ്പെടുത്തിയ കേസിൽ അനുശാന്തിയെ കോടതി ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിച്ചിരുന്നു. ടെക്‌നോപാർക്കിൽ ജോലി ചെയ്ത് വരുന്നതിനിടയിൽ പ്രോജക്ട് മാനേജർ ആയിരുന്ന യുവാവുമായി പ്രണയത്തിലായ അനുശാന്തി കാമുകനൊത്ത് ജീവിക്കുന്നതിനായാണ് നാലു വയസുകാരിയായ മകളെയും ഭർതൃ മാതാവിനെയും കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയത്. 2014 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആക്രമത്തിൽ അനുശാന്തിയുടെ ഭർത്താവിന് ഗുരുതരമായി പരിക്കേറ്റിരുന്നു.

കാമദാഹം തീർക്കാൻ നാലുവയസുകാരിയെ ഉയരമുള്ള ദണ്ഡ് കൊണ്ട് മർദിച്ച് കൊലപ്പെടുത്തിയ അനുശാന്തിയുടെ കാമുകൻ നിനോ മാത്യവിന് ഈ ഭൂമിയിൽ ജീവിക്കാൻ അവകാശമില്ലെന്ന് ചൂണ്ടി കാട്ടിയാണ് കോടതി നിനോ മാത്യുവിന് വധശിക്ഷ വിധിച്ചത്. അതേസമയം അനുശാന്തി മാതൃത്വത്തിന് അപമാനമാണെന്ന് പറഞ്ഞ കോടതി ശാരീരിക അവശതയും സ്ത്രീ ആണെന്ന പരിഗണനയും നൽകി വധ ശിക്ഷയിൽ നിന്നും ഒഴിവാക്കി ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കുകയായിരുന്നു.