ചൈനീസ് ആപ്പുകൾ ഇന്ത്യയിൽ നിരോധിച്ചതിനെ തുടർന്ന് ചൈന നേരിടുന്നത് കനത്ത നഷ്ടം: ടിക് ടോക്കിന്റെ 30 ശതമാനവും ഇന്ത്യയിൽ നിന്ന്

ഇന്ത്യയിൽ ചൈനീസ് ആപ്പുകൾ നിരോധിച്ചതിനെ തുടർന്ന് ചൈനയ്ക്ക് ഉണ്ടാകുന്നത് കനത്ത നഷ്ടമെന്ന് റിപ്പോർട്ടുകൾ. രാജ്യത്തെ നിരോധിക്കപ്പെട്ട ആപ്പുകളിലെ പ്രധാനിയായ ടിക് ടോക്കിന് ആഗോളതലത്തിലെ ഉപഭോക്താക്കളിൽ 30 ശതമാനവും ഇന്ത്യയിൽ നിന്നുള്ളവരാണെന്നാണ് പുറത്തു വരുന്ന കണക്കുകൾ. ഇതിനെ തുടർന്ന് ടിക് ടോക്കിന്റെ ഉടമകളായ ബൈറ്റ് ഡാൻസിയ്ക്ക് ഉണ്ടാകുന്ന വരുമാന നഷ്ടം വളരെയധികം വലുതാണ്. കൂടാതെ മറ്റ് ആപ്പുകളുടെ സ്ഥിതിയും ഇത്തരത്തിലാണ്. ഇന്ത്യക്ക് പുറമെ അമേരിക്ക ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങളും ചൈനീസ് നിർമ്മിതിയിൽ ഉള്ള മൊബൈൽ ആപ്പുകൾക്ക് l നിരോധനം ഏർപ്പെടുത്തണമെന്നുള്ള ആവശ്യം തന്നെയാണ് മുന്നോട്ട് വയ്ക്കുന്നത്.

ഇന്ത്യ കൈക്കൊണ്ട തീരുമാനം മറ്റു രാജ്യങ്ങളും ഏറ്റെടുത്താൽ ചൈന നേരിടേണ്ടിവരുന്നത് കനത്ത പ്രതിസന്ധി ആയിരിക്കും. രാജ്യത്ത് ഉടലെടുത്തിരിക്കുന്ന കനത്ത ചൈന വിരുദ്ധ നിലപാട് വിദേശ നിക്ഷേപങ്ങളിൽ ഉൾപ്പെടെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ നിന്നും ഗൂഗിളിന്റെ പ്ലേ സ്റ്റോറിൽ നിന്നും ടിക് ടോക്കിനെ നിരോധിച്ചെങ്കിലും മറ്റുള്ള ആപ്പുകൾ ഇപ്പോഴും സ്റ്റോറുകളിൽ ലഭ്യമാണ്. എന്നാൽ സ്റ്റോറുകളിൽ നിന്നും ആപ്പുകൾ ഇല്ലാതാക്കിയാൽ നിലവിൽ ഡൗൺലോഡ് ചെയ്തവർക്ക് അത് ഉപയോഗിക്കാനാകുമെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. എന്നാൽ നിലവിൽ പലർക്കും ടിക്ടോക് ഉപയോഗിക്കാൻ സാധിക്കുന്നില്ലെന്ന് പറയുന്നുണ്ട്.

ചൈനീസ് നിർമ്മിതിയിലുള്ള ആപ്പുകളുടെ നിരോധനം ഇന്ത്യൻ ആപ്പുകൾക്ക് വലിയ രീതിയിലുള്ള ഗുണം ഉണ്ടാകുമെന്നാണ് കരുതുന്നത്. ടിക്ടോക്കിന് പകരമായി ഉപയോഗിക്കാവുന്ന ചിങ്കാരി, ബോലോ ഇന്ത്യ, മിത്രോൺ തുടങ്ങിയ ആപ്പുകൾ ഒറ്റദിവസംകൊണ്ട് ഇൻസ്റ്റാൾ ചെയ്ത് ലക്ഷക്കണക്കിന് ആളുകളാണ്. എന്നാൽ ഇന്ത്യ നിരോധിച്ച ആപ്പുകൾക്ക് പകരമായി ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലുള്ള ആപ്പുകൾ ഉടൻതന്നെ പുറത്തിറങ്ങുമെന്ന് സി ഫൈവ് ഉൾപ്പെടെയുള്ള പല കമ്പനികളും വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

അഭിപ്രായം രേഖപ്പെടുത്തു