വർഷങ്ങൾക്ക് മുൻപ് കടലിൽ തകർന്ന അമേരിക്കയുടെ എസ്എസ് സെൻട്രൽ എന്ന കപ്പലിൽ നിന്ന് കണ്ടെത്തിയ ജീൻസ് ലേലത്തിൽ വിറ്റു. ഒരുലക്ഷത്തി പതിനാലായിരം അമേരിക്കൻ ഡോളറിനാണ് ജീൻസ് ലേലത്തിൽ പോയത്. നിലവിൽ ലഭ്യമായതിൽ വച്ച് ഏറ്റവും പഴക്കം ചെന്ന ജീൻസാണ് 94 ലക്ഷം രൂപയ്ക്ക് ലേലത്തിൽ വിറ്റത്. 1857 ൽ കൊടുങ്കാറ്റിനെ തുടർന്ന് നോർത്ത് കരോലീന തീരത്ത് തകർന്ന കപ്പലിൽ നിന്നാണ് ജീൻസ് കണ്ടെത്തിയത് .
പനാമയിൽ നിന്ന് ന്യൂയോർക്കിലേക്ക് കപ്പലിൽ യാത്ര ചെയ്ത ജോൺ ഡീമെന്റ് എന്ന പട്ടാളക്കാരന്റെ ട്രങ്കിൽ നിന്നുമാണ് ജീൻസ് കണ്ടെത്തിയത്. കപ്പൽ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും ലഭിച്ച ജീൻസിന്റെ കാലപ്പഴക്കം നിർണയിച്ചപ്പോഴാണ് ലോകത്ത് ഉള്ളതിൽ വെച്ച് ഏറ്റവും പഴക്കം കൂടിയ ജീൻസാണ് ഇതെന്ന് കണ്ടെത്തിയത്.
അതേസമയം അഴുക്ക് പിടിച്ചതിനാൽ ജീൻസിന്റെ കളർ ഏതാണെന്ന് വ്യകതമല്ല. കഠിനമായ ജോലികൾ ചെയ്യുന്ന ആളുകൾ അക്കാലത്ത് ധരിച്ചിരുന്ന ജീൻസാണ് ഇതെന്നാണ് പറയപ്പെടുന്നത്. വെള്ള നിറമാണ് അത്തരം ജീൻസുകൾക്ക് ഉണ്ടായിരുന്നത്. അതിനാൽ തന്നെ ലേലത്തിൽ പോയ ജീൻസിന്റെ കളർ വെള്ളയാണെന്ന നിഗമനത്തിലാണ്.