കടം വാങ്ങിയ പണം തിരികെ ചോദിച്ചത് ഇഷ്ടപ്പെട്ടില്ല ; യുവാവിനെ ഫ്ലാറ്റിലേക്ക് വിളിച്ച് ഹണിട്രാപ്പിൽ പെടുത്താൻ ശ്രമിച്ച യുവതിയടക്കം നാല് പേർ അറസ്റ്റിൽ

കോഴിക്കോട് : യുവാവിനെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടിയ സംഭവത്തിൽ യുവതിയടക്കം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുന്ന പ്രതികൾക്കായുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കിയിരിക്കുകയാണ്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കിയതിന് ശേഷം റിമാൻഡ് ചെയ്തു.

ബേപ്പൂർ സ്വദേശിനി ശ്രീജ, സുഹൃത്തുക്കളായ സുഹൈൽ,അഖ്‌നേഷ്,പ്രനോഷ് എന്നിവരാണ് അറസ്റ്റിലായത്. യുവാവിൽ നിന്നും പ്രതികളിൽ ഒരാൾ പണം കടം വാങ്ങിയിരുന്നു ഇത് തിരികെ നൽകാൻ ആണെന്ന വ്യാജേന ശ്രീജ യുവാവിനെ ഫ്ലാറ്റിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. തുടർന്ന് യുവാവിനെ മർദിച്ച് അവശനാക്കിയ ശേഷം വസ്ത്രങ്ങൾ അഴിച്ച് യുവതിക്കൊപ്പം നിർത്തി ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.

യുവതിക്കൊപ്പമുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ പുറത്ത് വിടാതെ ഇരിക്കാനായി പണം ആവശ്യപ്പെട്ടെങ്കിലും യുവാവ് പണം നൽകാൻ തയാറായില്ല. ഇതിനിടയിൽ യുവാവിന്റെ കൈയിലുണ്ടായിരുന്ന പണം യുവതിയടങ്ങുന്ന സംഘം തട്ടിപ്പറിക്കുകയായിരുന്നു. പാളയം പൂ മാർക്കറ്റിലെ തൊഴിലയായ ശ്രീജ യുവാവിൽ നിന്നും പണം കടം വാങ്ങിയിരുന്നു. പണം തിരിച്ച് ചോദിച്ചതിലുള്ള വൈരാഗ്യമാണ് ഹണിട്രാപ്പിൽ പെടുത്താൻ കാരണമായതെന്ന് പ്രതികൾ പോലീസിൽ മൊഴി നൽകി.