ജനതാ കർഫ്യൂ: പ്രധാനമന്ത്രിക്ക് പിന്തുണയേകി ബോളിവുഡും കായിക ലോകവും

ഡൽഹി: രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്ത് മാർച്ച് 22ന് രാജ്യമൊട്ടാകെ ജനതാ കർഫ്യൂ ആചരിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് പിന്തുണയുമായി ബോളിവുഡ് ചലച്ചിത്ര താരങ്ങളും കായിക ലോകത്തെ പ്രമുഖരും രംഗത്ത്. പ്രധാനമന്ത്രിയുടെത് അതിവിശിഷ്ടമായ തീരുമാനമാണെന്ന് നടൻ അക്ഷയ് കുമാർ പറഞ്ഞു. ഈ വരുന്ന ഞായറാഴ്ച രാവിലെ ഏഴ് മണി മുതൽ രാത്രി ഒമ്പത് മണിവരെയാണ് ജനത കർഫ്യൂ ആചരിക്കാൻ വേണ്ടി ജനങ്ങളോട് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരിക്കുന്നത്.

കൊറോണാ വൈറസിനെ പ്രതിരോധിക്കുന്നതിനു വേണ്ടി എല്ലാവരും ജാഗ്രതയോടെ ശ്രദ്ധയോടെ ഉത്തരവാദിത്വമുള്ള പൗരനെന്ന നിലയ്ക്ക് പ്രധാനമന്ത്രിയുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ക്രിക്കറ്റ് താരം വിരാട് കോഹ്ലി ട്വിറ്ററിലൂടെ അറിയിച്ചു. കഴിഞ്ഞ കുറേ നാളുകളായി ലോകത്തെ മുഴുവൻ ആരോഗ്യപ്രവർത്തകരും കൊറോണ വൈറസ് എതിരെ യുദ്ധം ചെയ്യുകയാണ്. ഇവർ പ്രത്യേകം പറയുന്ന ഒരു കാര്യമാണ് വ്യക്തിശുചിത്വം പാലിക്കണം എന്ന്. വ്യക്തിശുചിത്വം പാലിച്ചുകൊണ്ട് നമ്മളെയും മറ്റുള്ളവരെയും വൈറസിൽ നിന്നും മുക്തമാക്കാൻ അതിനു വേണ്ടിയുള്ള പോരാട്ടത്തിൽ പിന്തുണ നൽകണമെന്നും വിരാട് കോഹ്ലി വ്യക്തമാക്കി.

ബഹുമാനപ്പെട്ട പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് മാർച്ച് 22ന് ജനത കർഫ്യൂ ആചരിക്കുവാൻ ആവശ്യപ്പെട്ടിരിക്കുകയാണെന്നും എല്ലാവരുടെയും സുരക്ഷയ്ക്ക് വേണ്ടി നമ്മളത് പാലിക്കണമെന്നും ക്രിക്കറ്റ് താരം ശിഖർ ധവാൻ പറഞ്ഞു. പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ രാജ്യത്തെ ജനങ്ങൾ ഒറ്റക്കെട്ടായിട്ട് നടപ്പിലാക്കണമെന്ന് റിതേഷ് ദേശ്മുഖ് ആവശ്യപ്പെട്ടു. കഴിവതും എല്ലാവരും വീട്ടിലിരുന്ന് ജോലി ചെയ്യാൻ ശ്രമിക്കണമെന്നും 60 വയസ്സിന് മുകളിൽ പ്രായമുള്ളവർ 2 ആഴ്ചത്തേക്ക് വീട്ടിൽ കഴിയാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.