തിരുവനന്തപുരത്ത് സാനിട്ടൈസർ ഉപയോഗിച്ച് വ്യാജമദ്യം നിർമ്മിച്ചയാൾ അറസ്റ്റിൽ

തിരുവനന്തപുരം: സാനിട്ടൈസർ ഉപയോഗിച് സന്നദ്ധ പ്രവർത്തനത്തിന്റെ മറവിൽ വ്യാജമദ്യം നിർമ്മിച്ചയാൾ പോലീസ് പിടിയിലായി. വർക്കല സജീന മൻസിലിൽ സജിൻ (37) ആണ് പിടിയിലായത്. പ്രദേശത്തു ബൈക്കിൽ സഞ്ചരിച്ചു പലർക്കായി വ്യാജമദ്യം ഇയാൾ വിതരണം നടത്തിയിരുന്നു.

മദ്യപിച്ചു വാഹനവുമായി കറങ്ങി നടന്നയാളെ പോലീസ് പിടികൂടി ചോദ്യം ചെയ്തപ്പോളാണ് കഴുത്തിൽ ഐഡി കാർഡ് തൂക്കിയിട്ടയാൾ ബൈക്കിൽ ബാഗും കൊണ്ട് വരുന്നയാളാണ് മദ്യം നൽകിയതെന്നും 1600 രൂപയോളം വാങ്ങിയെന്നും അയാൾ പറഞ്ഞു. ചപ്പാത്തി എന്ന കോഡ് ഉപയോഗിചാണ് മദ്യം വിട്ടിരുന്നതെന്നും പറയുന്നു. തുടർന്ന് പോലീസ് ഇയാളെ ബന്ധപ്പെട്ടപ്പോൾ 1600 രൂപ നൽകിയാൽ ചപ്പാത്തി നൽകാമെന്ന് ഇയാൾ പറയുകയും തുടർന്ന് എത്തിയ ഇയാളെ സൂത്രത്തിലൂടെ പോലീസ് പിടികൂടുകയായിരുന്നു. ഇയാളുടെ പക്കൽ നിന്നും മൂന്ന് കുപ്പി മദ്യം പോലീസ് പിടികൂടി.

ഭക്ഷണ വിതരണത്തിന്റെ പേരിലാണ് ഇയാൾ മുഖത്തു മാസ്കും ധരിച്ചു കൊണ്ട് ബൈക്കിൽ മദ്യവുമായി കറങ്ങി നടന്നിരുന്നതെന്നും പോലീസ് പറയുന്നു. മാസം മുപ്പതോളം കുപ്പികൾ ഇത്തരത്തിൽ വിറ്റിരുന്നവെന്നും പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കുകയും ചെയ്തു.