കോഴിക്കോട്: ഓണ്‍ലൈൻ ക്ലാസിനിടെ അശ്ലീല പരാമർശം നടത്തിയെന്നും നഗ്നത പ്രദർശിപ്പിച്ചെന്നുമുള്ള പരാതിയില്‍ എം എസ് സൊല്യൂഷൻസ് സിഇഒ എം എസ് ഷുഹൈബിനെതിരെ അന്വേഷണവുമായി കൊടുവള്ളി പൊലീസ്.
ചോദ്യക്കടലാസ് ചോർത്തിയെന്ന കേസില്‍ എം എസ് സൊല്യൂഷൻസിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടെയാണ് കൊടുവള്ളി സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തിയത്.
ഓണ്‍ലൈൻ ക്ലാസിനിടെ നഗ്നതാ പ്രദർശനം നടത്തിയെന്നും പാഠഭാഗങ്ങള്‍ അശ്ലീലം കലർത്തിയാണ് പഠിപ്പിക്കുന്നതെന്നും ആരോപിച്ചാണ് പരാതി നല്‍കിയത്. ചോദ്യക്കടലാസ് ചോർന്നുവെന്ന ആരോപണം ഉയർന്നതിന് പിന്നാലെ മറ്റൊരു പരാതി പോലീസിന് ലഭിക്കുന്നത്.
മുണ്ടു പൊക്കുന്നതുള്‍പ്പെടെയുള്ള വീഡിയോ ആണ് യുട്യൂബില്‍ പങ്ക് വച്ചിരുന്നത്. എന്നാല്‍ സംഭവം വിവാദമായതോടെ വീഡിയോകള്‍ നീക്കം ചെയ്തു. വീഡിയോയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കണമെന്ന് മെറ്റയോട് പൊലീസ് ആവശ്യപ്പെട്ടു.
എംഎസ് സൊല്യൂഷൻസിന്റെ യുട്യൂബ് അക്കൗണ്ടിന് 1.31 മില്യണ്‍ സബ്സ്ക്രൈബേഴ്സാണുള്ളത്. കഴിഞ്ഞ ദിവസം രാത്രിയും യുട്യൂബിലൂടെ ഷുഹൈബ് കെമിസ്ട്രി പരീക്ഷയുടെ ചോദ്യങ്ങള്‍ പങ്കുവച്ചു. 40 മാർക്കില്‍ 32 മാർക്കിന്റെ ചോദ്യവും ഷുഹൈബ് പറഞ്ഞതായിരുന്നു പരീക്ഷയ്ക്കു വന്നത്. ഇതോടെ കെമിസ്ട്രിയുടെ ചോദ്യക്കടലാസും ചോർന്നുവെന്ന് ആരോപണമുയർന്നു.