കൊല്ലം : പാരിപ്പള്ളിയിൽ അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. പാരിപ്പള്ളിയിലെ അക്ഷയ കേന്ദ്രത്തിലെ ജീവനക്കാരിയായിരുന്ന നാദിറ (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഭർത്താവ് റഹീം കഴുത്തറുത്ത് കിണറ്റിൽ ചാടി ജീവനൊടുക്കുകയായിരുന്നു.
ഭാര്യ നാദിറയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് റഹീം സംശയിച്ചിരുന്നു. സംശയ രോഗമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. തിങ്കളാഴ്ച രാവിലെ അക്ഷയ സെന്ററിൽ ജോലിക്കെത്തിയ നാദിറയെ റഹീം പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ നാദിറയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപെട്ട റഹീമിനെ പിന്നീട് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഓട്ടോ ഡ്രൈവറായ റഹീം നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ്. മറ്റൊരു കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച റഹീം മൂന്ന് ദിവസം മുൻപാണ് ജയിലിൽ നിന്നും പുറത്തിറങ്ങിയത്.
English Summary : wife burnt to death at akshaya center in kollam paripally