ഇന്ത്യയുമായി കൂടുതൽ സംഘർഷത്തിന് താത്പര്യമില്ലെന്ന് വ്യക്തമാക്കി ചൈന

ബെയ്ജിങ്: ഇന്ത്യയുമായി അതിർത്തിയിൽ കൂടുതൽ സംഘർഷത്തിന് താല്പര്യം ഇല്ലെന്ന് വ്യക്തമാക്കി ചൈന രംഗത്ത്. സംഘർഷങ്ങൾ ഒഴിവാക്കാൻ ആഗ്രഹിക്കുകയാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഷാഹോ ലിജിയാൻ വ്യക്തമാക്കി. അതിർത്തി കടന്ന് ചൈനയ്ക്ക് നേരെ ഇന്ത്യൻ സൈന്യം ആക്രമണം നടത്തുകയായിരുന്നുവെന്നും തുടർന്ന് ഇരു രാജ്യങ്ങളിലെ സൈനികർ തമ്മിൽ ശാരീരികമായ ഏറ്റുമുട്ടൽ ഉണ്ടായെന്നും ഇത് മരണത്തിലേക്കും ഗുരുതരപരിക്കിലേക്കും നയിച്ചെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ സൈനികരെ നിയന്ത്രിക്കണമെന്ന് ചൈനയുടെ മുൻനിരയിലുള്ള സൈനികർ പറഞ്ഞുവെന്നും പ്രകോപനം ഉണ്ടാകരുതെന്നും അതിർത്തി കടക്കരുതെന്നു ആവശ്യപ്പെട്ടുവെന്നും ഷാഹോ ലിജിയാൻ പറഞ്ഞു. ചൈനയും ഇന്ത്യയും തമ്മിലുള്ള പ്രശ്നം സംഭാഷണത്തിലൂടെയും ചർച്ചകളിലൂടെയും പരിഹരിക്കണമെന്നും അതിനു വേണ്ടിയുള്ള ശ്രമം തുടരുമെന്നും അദ്ദേഹം അറിയിച്ചു. കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്വരയിലാണ് തിങ്കളാഴ്ച രാത്രിയും പുലർച്ചെയുമായി സംഘർഷമുണ്ടായത്. സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്. ചൈനയുടെ 43 സൈനികർ കൊ-ല്ലപ്പെടുകയോ ഗുരുതരപരിക്ക് പറ്റിയതായോ റിപ്പോർട്ടുകളുണ്ടായിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു