84 വയസുകാരൻ 14 വയസുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി: തനിക്ക് ലൈംഗികശേഷിയില്ലെന്ന് വയോധികൻ കോടതിയിൽ

14 വയസ്സുള്ള പെൺകുട്ടിയെ 84 കാരൻ പീഡിപ്പിച്ചു ഗർഭിണി ആക്കുകയും പെൺകുഞ്ഞിനു ജന്മം നൽകുകയും ചെയ്ത സംഭവത്തിൽ ഡിഎൻഎ പരിശോധനയ്ക്ക് ഉത്തരവിട്ട് സുപ്രീം കോടതി. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വയോധികനെതിരെ ഡിഎൻഎ പരിശോധന നടത്തുന്നതിന് വേണ്ടി കോടതി ഉത്തരവിട്ടിരിക്കുന്നത്.

പതിനാലു വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടി ഈ കഴിഞ്ഞ ജൂലൈ അഞ്ചിനാണ് കുഞ്ഞിന് ജന്മം നൽകിയത്. എന്നാൽ പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നുള്ള വാദങ്ങളെല്ലാം തള്ളിക്കളഞ്ഞുകൊണ്ടാണ് പോസ്കോ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട വയോധികൻ സംസാരിക്കുന്നത്. തനിക്ക് ലൈംഗികബന്ധത്തിലേർപ്പെടാൻ കഴിയില്ലെന്നും തന്റെ പ്രായം തന്നെ അതിന് ഏറ്റവും വലിയ തെളിവാണെന്നും പ്രത്യുൽപാദനശേഷി തനിക്കില്ലെന്നും വയോധികൻ കോടതിയിൽ പറഞ്ഞു. ഇത് സംബന്ധിച്ചുള്ള കാര്യം വയോധികനുവേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകൻ കബിൽ സിബിൽ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.

84 വയസ്സ് പ്രായമുള്ള പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുമുള്ള തന്റെ കക്ഷി വൈദ്യശാസ്ത്രപരമായും ജൈവീകപരമായും ലൈംഗികശേഷി ഇല്ലാത്ത ആളാണ്. നിരപരാധിത്വം തെളിയിക്കുന്നതിന് വേണ്ടി ഡിഎൻഎ പരിശോധനയടക്കമുള്ള ഏതുതരത്തിലുള്ള ടെസ്റ്റിനും തന്റെ കക്ഷി തയ്യാറാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. കഴിഞ്ഞ മെയ് 12 മുതൽ ജയിലിൽ കഴിയുന്ന തന്റെ കക്ഷിയുടെ ആരോഗ്യനില മോശമാണെന്നും പരിശോധന എത്രയും വേഗം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പതിനാലുകാരിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വയോധികൻ നേരത്തെ കൊൽക്കത്ത ഹൈക്കോടതിയിൽ ജാമ്യത്തിനുവേണ്ടി ശ്രമിച്ചിരുന്നെങ്കിലും ജാമ്യം നിഷേധിക്കുകയായിരുന്നു. തുടർന്ന് സംഭവത്തിൽ സുപ്രീം കോടതിയെ സമീപിച്ചു. പെൺകുട്ടിയും കുടുംബവും തന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നവരാണെന്നും വാടകയുമായി ബന്ധപ്പെട്ടുള്ള ചില പ്രശ്നങ്ങളുടെ പേരിൽ തനിക്ക് നേരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും ഇയാൾ കോടതിയിൽ വാദിച്ചു.

അഭിപ്രായം രേഖപ്പെടുത്തു