കാശ്മീരിന് പ്രത്യേക പദവി തിരിച്ച് നൽകിയാൽ ഇന്ത്യയുമായി സഹകരിക്കാം ; പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ

കറാച്ചി : ഇന്ത്യയുമായി നല്ല ബന്ധം തുടരണമെങ്കിൽ കാശ്മീരിന് പ്രത്യേക പദവി നൽകണമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. സമാധാനമുള്ള പ്രദേശങ്ങളിൽ മാത്രമേ അഭിവൃദ്ധി ഉണ്ടാകു എന്നും ഇമ്രാൻഖാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് ശരിയായ നടപടി അല്ലെന്നും ഇമ്രാൻഖാൻ വ്യക്തമാക്കി.

കശ്മീരിന്റെ പദവി എടുത്ത് കളയുന്നതിൽ ഇന്ത്യ ഏകപക്ഷീയ നിലപാടാണ് സ്വീകരിച്ചത്. രാജ്യാന്തര നിയമങ്ങളുടെ ലംഘനത്തിന് പുറമെ യുഎൻ രക്ഷാ സമിതിയുടെ നിലപാടുകൾക്ക് വിപരീതമായാണ് ഇന്ത്യ പ്രവർത്തിച്ചത്. ഇന്ത്യ പാക് ബന്ധം ശക്തമാക്കേണ്ടത് ആവശ്യമാണെന്നും ഇമ്രാൻഖാൻ പറഞ്ഞു.

ഇന്ത്യയുമായുള്ള വ്യാപാര ബന്ധം തുടരാനോ പഴയ രീതിയിലാക്കാനോ പാക്കിസ്ഥാന് സാധിക്കില്ല. കാശ്മീർ ജനതയെ വഞ്ചിച്ച ഇന്ത്യക്കെതിരെ പാകിസ്ഥാൻ എടുത്ത നിലപാടാണ് ഇതെന്നും ഇമ്രാൻഖാൻ പറഞ്ഞു. കാശ്മീരിൽ ഇന്ത്യ എടുത്ത തീരുമാനനത്തിൽ നിന്നും എത്രയും വേഗം പിന്മാറുകയാണെങ്കിൽ അത്രയും വേഗത്തിൽ ഇന്ത്യയുമായുള്ള ബന്ധം പുനസ്ഥാപിക്കുമെന്നും ഇമ്രാൻഖാൻ വ്യക്തമാക്കി.