റഷ്യൻ സേന യുക്രൈനിൽ നടത്തിയ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു

ഖാർഖീവ് : റഷ്യൻ സേന യുക്രൈനിൽ നടത്തിയ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു. കർണാടക സ്വദേശി നവീൻ എസ് ജി (21) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് നവീൻ താമസിച്ചിരുന്ന സ്ഥലത്ത് സ്ഫോടനം നടന്നത്. നാലാം വർഷ മെഡിക്കൽ വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ട നവീൻ.

താമസ സ്ഥലത്തിന് സമീപത്തായി കടയിൽ സാധനം വാങ്ങാൻ നിൽക്കുന്നതിനിടയിലാണ് സ്‌ഫോടനമുണ്ടായത്. ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി കേന്ദ്രസർക്കാർ സ്ഥിരീകരിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്‌ജി ട്വിറ്ററിലൂടെയാണ് വിവരമറിയിച്ചത്.

ഇന്ത്യൻ പൗരന്മാരെ തിരിച്ചെത്തിക്കുന്നതിനുള്ള രക്ഷാ ദൗത്യം നടക്കുന്നതിനിടെയാണ് ഇന്ത്യൻ പൗരന് സ്‌ഫോടനത്തിൽ ജീവൻ നഷ്ടപെട്ടത്. മരണ വിവരം കുടുംബാംഗങ്ങളെ അറിയിച്ചതായും കേന്ദ്രമന്ത്രി വ്യക്തമാക്കി. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷാ ഉറപ്പാക്കാൻ യുക്രൈൻ,റഷ്യ സ്ഥാനപതികളുമായി ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ചർച്ച നടത്തി.