ഇന്ത്യ ആവശ്യപ്പെട്ടാൽ സാങ്കേതിക വിദ്യ ഉൾപ്പടെ എന്തും നൽകാൻ തയ്യാറാണെന്ന് റഷ്യ

ന്യുഡൽഹി : യുക്രൈൻ-റഷ്യ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് ഏകപക്ഷീയമായിരുന്നില്ലെന്നും. ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനാണ് ആഗ്രഹിക്കുന്നതെന്നും റഷ്യൻ വിദേശകാര്യ മന്ത്രി ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായി നടത്തിയ ചർച്ചയിൽ പറഞ്ഞു. ഇന്ത്യയ്ക്ക് ആവശ്യമുള്ളത് എന്തും നൽകാൻ റഷ്യ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

റഷ്യക്കെതിരെ നിലപാടെടുക്കാൻ ചില രാജ്യങ്ങൾ ഇന്ത്യയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നതായി അമേരിക്കയെ പരോക്ഷമായി വിമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഒരു ശക്തിക്കും ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധത്തെ തകർക്കാൻ കഴിയില്ലെന്നും രാജ്യ താല്പര്യങ്ങൾ സംരക്ഷിക്കുന്ന നിലപാടാണ് ഇന്ത്യയ്ക്കെന്നും അതേപോലെ രാജ്യ താല്പര്യം സംരക്ഷിക്കുന്ന നിലാപാടാണ് റഷ്യയ്‌ക്കെന്നും ഇതാണ് ഇരു രാജ്യങ്ങളെയും സുഹൃത്തുക്കളാക്കുന്നതെന്നും റഷ്യൻ വിദേശകാര്യ മന്ത്രി ലെവ്‌റോവ് വ്യക്തമാക്കി.

ക്രൂഡ് ഓയിൽ,സാങ്കേതിക വിദ്യ തുടങ്ങി ഇന്ത്യ ആവശ്യപ്പെട്ടാൽ എന്തും നൽകാൻ റഷ്യ തയ്യാറാണ് ഇക്കാര്യത്തിൽ ചർച്ചകൾ നടത്തി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. യുക്രൈനിൽ റഷ്യ നടത്തുന്നത് സൈനീക നീക്കമാണെന്നും അതിനെ യുദ്ധമെന്ന് വിശേഷിപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുക്രൈനുമായുള്ള പ്രശനങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി ജയശങ്കർ ആവശ്യപ്പെട്ടു.