സർക്കാരിനെതിരെ പ്രതിഷേധം ; സമൂഹമാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി ശ്രീലങ്കൻ സർക്കാർ

കൊളംബോ : സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ സമൂഹ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി ശ്രീലങ്കൻ സർക്കാർ. ഇൻസ്റ്റഗ്രാം,ഫെസ്ബൂക്,ട്വിറ്റെർ,വാട്സപ്പ് തുടങ്ങിയ മുൻനിര സമൂഹ മാധ്യമങ്ങൾക്കാണ് വിലക്കേർപ്പെടുത്തിയത്. സർക്കാരിനെതിരെ ഉയരുന്ന പ്രതിഷേധത്തെ തുടർന്ന് ജനങ്ങൾ തെരുവിലിറങ്ങുന്നത് തടയാനാണ് സമൂഹ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്.

പ്രതിസന്ധി രൂക്ഷമായതിനെ പിന്നാലെ അവശ്യ സാധനങ്ങൾക്കുൾപ്പടെ വലിയ വിലവർധനവാണ് ശ്രീലങ്കയിൽ ഉണ്ടായിരിക്കുന്നത്. പ്രതിസന്ധിയെ തുടർന്ന് ജനജീവിതം ദുസ്സഹമായതോടെയാണ് സർക്കാരിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നത്. പ്രതിഷേധങ്ങളുടെ ഭാഗമായി നിരവധിപേർ സോഷ്യൽ മീഡിയ വഴി ഒത്ത്കൂടുന്നത് സർക്കാരിന് തലവേദന സൃഷ്ടിച്ചിരുന്നു.

അതേസമയം തെരുവുകളിൽ ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് തടയാൻ അടിയന്തിരാവസ്ഥയും കർഫ്യുയും ശ്രീലങ്കൻ സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിലവിലെ പ്രതിസന്ധി മറികടക്കാൻ എല്ലാ രാഷ്ട്രീയപാർട്ടികളുടെയും പ്രതിനിധികളെ ചേർത്ത് പുതിയ സർക്കാർ രൂപീകരിക്കണമെന്ന് മുൻ ശ്രീലങ്കൻ പ്രധാനമന്ത്രി മൈത്രിപാല സിരിസേന ആവശ്യപ്പെട്ടു.