നേപ്പാളിൽ നിന്നും 22 യാത്രക്കാരുമായി പറന്നുയർന്ന വിമാനം കാണാതായി

കഠ്മണ്ഡു : നേപ്പാളിൽ ആഭ്യന്തര സർവ്വീസ് നടത്തുന്ന വിമാനം കാണാതായി. 22 യാത്രക്കാരുമായി പൊഖാറയിൽ നിന്ന് ജോംസോമിലേക്ക് പോകുകയായിരുന്ന വീമാനമാണ് കാണാതായത്. താര എയറിന്റെ ചെറു വീമാനമാണ് കാണാതായത്. കഴിഞ്ഞ ഒരു മണിക്കൂറിൽ അധികമായി വീമാനത്തിൽ നിന്നുള്ള വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് താര എയർ അധികൃതർ പറയുന്നത്. നേപ്പാൾ പൗരന്മാരെ കൂടാതെ നാല് ഇന്ത്യക്കാരും മൂന്ന് ജപ്പാൻ പൗരന്മാരുമാണ് വീമാനത്തിലുണ്ടായിരുന്നത്.

ഞായറാഴ്ച രാവിലെ പത്ത് മണിയോടെയാണ് താര എയറിന്റെ 9 എൻഎഇടി വിമാനം 22 യാത്രക്കാരുമായി പറന്നത്. വീമാനം ഉയർന്ന് കുറച്ച് സമയത്തിന് ശേഷം റഡാറിൽ നിന്നും വിമാനം അപ്രത്യക്ഷമാകുകയും, എയർപോർട്ട് സംവിധാനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെടുകയും ചെയ്തിരുന്നു. കാണാതായ വിമാനത്തിനായുള്ള തിരച്ചിൽ തുടരുകയാണ്. രണ്ട് സ്വകാര്യ ഹെലികോപറ്ററുകൾ ഉപയോഗിച്ചാണ് തിരച്ചിൽ നടത്തുന്നത്.

അതേസമയം ജോംസോമിന് സമീപത്തായി പൊട്ടിത്തെറിക്കുന്ന തരത്തിലുള്ള ശബ്‍ദം കേട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വീമാനം അപകടപ്പെട്ടതായി ഇതുവരെ റിപ്പോർട്ടുകൾ ഒന്നും പുറത്ത് വന്നിട്ടില്ല.