സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ബോഡി ഷെമിംഗ് നേരിടുന്ന താരങ്ങളിൽ ഒരാളാണ് അന്ന രേഷ്മ രാജൻ. ഉദ്ഘാടന വേദികളിൽ എത്തുമ്പോഴുള്ള താരത്തിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാവാറുണ്ട്. ഇത്തരം വീഡിയോകൾക്ക് താഴെയാണ് താരത്തിനെതിരെ ബോഡി ഷെമിംഗ് ഉൾപ്പടെയുള്ള സൈബർ ആക്രമണങ്ങൾ നടക്കുന്നത്.
തന്റെ ശരീരം ഇങ്ങനെ ഇരിക്കുന്നത് തൈറോയിഡ് കാരണമാണെന്ന് അന്ന രേഷ്മ പറയുന്നു. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. നിങ്ങൾക്ക് എന്നെയോ എന്റെ വീഡിയോകളോ ഇഷ്ടമല്ലെങ്കിൽ അത് പറയാം പക്ഷെ മോശം കമന്റ് ഇടുന്നതും അതിന് ചിലർ ലൈക്ക് ഇടുന്നതും കാണുമ്പോൾ വിഷമം തോന്നുന്നുവെന്നും താരം പറയുന്നു.
കഴിഞ്ഞ ദിവസം താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച നൃത്തം ചെയ്യുന്ന വീഡിയോയ്ക്ക് താഴെ വലിയ രീതിയിലുള്ള സൈബർ അക്രമണമാണുണ്ടായത്. നൃത്തം ചെയ്യുന്ന വീഡിയോയിൽ തനിക്ക് ചലിക്കാൻ പറ്റാത്ത രീതിയിലുള്ള ഒരുപാട് കാര്യങ്ങളുണ്ടായിരുന്നെന്നും താൻ ഓട്ടോ ഇമ്മ്യുണൽ തൈറോയിഡ് രോഗത്തിനെതിരെ പോരാടുന്ന ആളാണെന്നും അന്ന പറയുന്നു.
ചിലസമയത്ത് തന്റെ ശരീരത്തിൽ വീക്കങ്ങൾ ഉണ്ടാവും അടുത്ത ദിവസം മെലിയും ചിലപ്പോൾ മുഖം വീർത്തിരിക്കും. സന്ധികളിൽ നീര് വീക്കമുണ്ടാവും അതിന്റെ കൂടെ വേദന അനുഭവപ്പെടുമെന്നും താരം പറയുന്നു നിരവധി രോഗലക്ഷണങ്ങളാണ് കഴിഞ്ഞ രണ്ട് വർഷത്തോളമായി താൻ അനുഭവിക്കുന്നതെന്നും താരം പറയുന്നു.
ഒന്നും ചെയ്യാതെ വീട്ടിലിരിക്കാൻ ആഗ്രഹിക്കാത്തത് കൊണ്ടാണ് പലതും ചെയ്യുന്നത്. ഈ ലോകം എന്റേതും കൂടിയാണ്. എന്റെ വീഡിയോ ഇഷ്ടമല്ലെങ്കിൽ അത് കാണാതെ ഇരിക്കുക. മോശം കമന്റുമായി ദയവായി വരാതെ ഇരിക്കുക എന്റെ ശരീരത്തെ കുറിച്ച് ആശങ്കാകുലരായ എല്ലാവർക്കും നന്ദി.
English Summary : anna reshma rajan video viral