തിരുവനന്തപുരം : ആനയെ കയറ്റി വന്ന ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം. തിരുവനന്തപുരം പള്ളിപ്പുറം കരിച്ചാറ സ്വദേശി നസീർ (61) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഒൻപത് മണിയോടെ കഴക്കൂട്ടത്ത് വെച്ചാണ് അപകടമുണ്ടായത്.
വിഴിഞ്ഞത്ത് നിന്നും കൊല്ലം ഭാഗത്തേക്ക് ആനയെ കയറ്റി പോകുകയായിരുന്ന ലോറിയുമായി നസീർ സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നസീർ ലോറിയുടെ അടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ലോറി ശരീരത്തിലൂടെ കയറിയതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ നസീർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
നസീർ ഹെൽമെറ്റ് ധരിച്ചിരുന്നെങ്കിലും ലോറിയുടെ പിൻചക്രം കയറി ഹെൽമെറ്റടക്കം തകർന്നു. സംഭവത്തിൽ കഴക്കൂട്ടം പോലീസ് കേസെടുത്തു.
English Summary : lorry bike accident in thiruvananthapuram one death