മലയാളി പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിൽ ഒരാളാണ് നവ്യ നായർ. കലോത്സവ വേദിയിൽ നിന്നും സിനിമയിലെത്തിയ താരം ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്. തുടർന്ന് നിരവധി സിനിമകളിൽ താരം അഭിനയിച്ചു. മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.
വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ട് നിന്ന നവ്യ നായർ മിനി സ്ക്രീനിലും നൃത്ത പരിപാടികളിലും സജീവമായിരുന്നു. വർഷങ്ങൾക്ക് ശേഷം സീൻ ഒന്ന് നമ്മുടെ വീട് എന്ന മലയാള ചിത്രത്തിലൂടെ നവ്യ നായർ തിരിച്ച് വരവ് നടത്തിയെങ്കിലും കാര്യമായ നേട്ടമുണ്ടാക്കാൻ താരത്തിന് സാധിച്ചില്ല. ഇപ്പോഴിതാ താൻ ഉപയോഗിച്ച സാരികൾ ഓൺലൈനിലൂടെ വിൽക്കാൻ തയ്യാറെടുക്കുകയാണ് താരം.
ഒരു തവണ ധരിച്ചതും, ധരിക്കാത്തതുമായ സാരികളാണ് നവ്യ നായർ പ്രീ-ലവ്ഡ് എന്ന പേരിൽ വിൽക്കാൻ തയ്യാറെടുക്കുന്നത്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് താരം ഇക്കാര്യം ആരാധകരെ അറിയിച്ചത്. വിലപിടിപ്പുള്ള നിരവധി സാരികളാണ് താരത്തിന്റെ കൈവശമുള്ളത്. കാഞ്ചീപുരം പട്ട് ഉൾപ്പടെ നിരവധി സാരികൾ താരത്തിന്റെ കൈവശമുണ്ട്. സൂക്ഷിക്കാനുള്ള ബുദ്ധിമുട്ടാണ് സാരികൾ വിൽക്കാനുള്ള സംരഭത്തിന് പിന്നിലെന്നാണ് വിവരം.
പ്രീ-ലവ്ഡ് ബൈ നവ്യ നായർ എന്ന പേരിൽ ഇൻസ്റ്റാഗ്രാം പേജ് തുടങ്ങിയാണ് വിൽപ്പന. പേജ് ആരംഭിച്ചതിന് പിന്നാലെ ആറോളം സാരികൾ താരം വില്പനയ്ക്ക് വെച്ചിട്ടുണ്ട്. ലിനൻ സാരിയും, കാഞ്ചിപുരം സാരിയുമാണ് വില്പനയ്ക്ക് വെച്ചിട്ടുള്ളത്. 2500 രൂപ മുതൽ 4500 രൂപ വരെയാണ് സാരികളുടെ വില. ബ്ലൗസ് കൂടി വേണമെങ്കിൽ വില അൽപ്പം കൂടുകയും ചെയ്യും.
English Summary : navya nair pre loved saree