ന്യൂയോർക്ക്: ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൽ അമേരിക്കയിലെ ടൈം സ്ക്വയറിൽ ത്രിവർണ്ണ പതാക ഉയർത്തും. അമേരിക്കയിലെ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷനാണ് ഇന്ത്യയുടെ ദേശീയ പതാക ഉയർത്തികൊണ്ട് ആഘോഷത്തിനുള്ള പദ്ധതിയിടുന്നത്. ന്യൂയോർക്ക്, കണക്ടികട്ട്, ന്യൂജേഴ്സി തുടങ്ങിയ സ്ഥലങ്ങളിൽ ഫെഡറേഷൻ ഓഫ് ഇന്ത്യ അസോസിയേഷനുകളുടെ നേതൃത്വത്തിൽ 2020 ആഗസ്റ്റ് 15ന് ഇന്ത്യൻ പതാക ഉയർത്തി ചരിത്രം സൃഷ്ടിക്കുമെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്. ഇന്ത്യൻ പതാക ആദ്യമായാണ് ഇത്തരത്തിൽ പ്രദർശിപ്പിക്കുന്നതെന്നും കൂടാതെ ന്യൂയോർക്കിലെ കോൺസൽ ജനറൽ ഓഫ് ഇന്ത്യ റൺദീർ ജയ്സ്വാൾ ചടങ്ങിൽ വിശിഷ്ടാതിഥി ആയിരിക്കുമെന്നും സംഘടന വ്യക്തമാക്കിയിട്ടുണ്ട്.
എംപയർ സ്റ്റേറ്റ് ബിൽഡിംഗ് ഓറഞ്ച്, വെള്ള, പച്ച തുടങ്ങിയ മൂന്നു വർണ്ണദീപങ്ങൾ കൊണ്ട് അലങ്കരിക്കും. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള രാജ്യസ്നേഹത്തിന്റെ തെളിവാകുമെന്നും സംഘാടകർ പറയുന്നു. എല്ലാവർഷവും ആഗസ്റ്റ് 15ന് അസോസിയേഷന്റെ നേതൃത്വത്തിൽ പരേഡ് സംഘടിപ്പിക്കാറുണ്ട്. പരേഡിൽ രാഷ്ട്രീയ നേതാക്കളുൾപ്പെടെയുള്ള പ്രമുഖർ പതിവായി പങ്കെടുക്കാറുണ്ട്. എന്നാൽ ഈ വർഷം കോവിഡ് പ്രതിസന്ധി കണക്കിലെടുത്തുകൊണ്ട് പരേഡ് ഉപേക്ഷിച്ചിരിക്കുകയാണ്.