Friday, April 26, 2024
-Advertisements-
KERALA NEWSരാത്രി എട്ടുമണിയ്ക്ക് ശേഷം വെള്ളമടിക്കുന്ന സ്ത്രീകൾ ഫ്രോഡുകളാണെങ്കിൽ അഡ്വ ജയശങ്കറിനോടുള്ള ചോദ്യം.. അങ്ങിനെയുള്ള പുരുഷൻമാരും ഫ്രോഡുകളാണോ..?...

രാത്രി എട്ടുമണിയ്ക്ക് ശേഷം വെള്ളമടിക്കുന്ന സ്ത്രീകൾ ഫ്രോഡുകളാണെങ്കിൽ അഡ്വ ജയശങ്കറിനോടുള്ള ചോദ്യം.. അങ്ങിനെയുള്ള പുരുഷൻമാരും ഫ്രോഡുകളാണോ..? അഡ്വ ജയശങ്കറിനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് ഷൈലജ ജ്വാലയുടെ കുറിപ്പ്

chanakya news
-Advertisements-

കൊച്ചിയിലെ ലോ കോളേജിൽ വെച്ച് നടന്ന മഹാത്മാഗാന്ധി അനുസ്മരണ പരിപാടിയിൽ അരുന്ധതി റോയിയെ രൂക്ഷമായി വിമർശിച്ച അഡ്വ ജയശങ്കറിനെതിരെ നാടക പ്രവർത്തകയായ ഷൈലജ ജ്വാല രംഗത്ത്. ജാതി വ്യവസ്ഥയെ കുറിച്ചു ഗാന്ധിജിയുടെ നിലപാടിൽ അരുന്ധതി റോയിയുടെ പരാമർശത്തെ ചൂണ്ടികാട്ടി ഒരു വിദ്യാർത്ഥിനി ചോദിച്ച ചോദ്യത്തിന് അഡ്വ ജയശങ്കർ നൽകിയ മറുപടി രാത്രി എട്ട് മണി കഴിഞ്ഞാൽ വെള്ളമടിച്ചു വെളിവില്ലാതെ കിടക്കുന്ന സ്ത്രീയാണ് അരുന്ധതി റോയി എന്ന രീതിയിലായിരുന്നു. തുടർന്ന് അതിന് മറുപടിയുമായി ഷൈലജ ജ്വാല എത്തിയിരിക്കുന്നത്.

ഷൈലജ ജ്വാലയുടെ കുറിപ്പ് വായിക്കാം

ഈ നാട്ടിലെ എല്ലാ മാന്യ പുരുഷന്മാരോടുമാണീ ചോദ്യം. നിങ്ങളിൽ കള്ളുകുടിയ്ക്കുന്നവർ, അതും 8 മണിക്ക് ശേഷം കള്ളുകുടിയ്ക്കുന്നവർ എല്ലാവരും ഫ്രോഡുകൾ ആണോ? അങ്ങനെ ഉള്ള നിങ്ങൾ പുരുഷന്മാർ എല്ലാവരും തലയ്ക്ക് വെളിവില്ലാത്തവർ ആണോ? നിങ്ങളുടെ ബുദ്ധിയും ബോധ്യവും രാഷ്ട്രീയ നിലപാടുകളും 8 മണിയ്ക്ക് ശേഷം മാറാറുണ്ടോ?

ഉത്തരം അല്ലെന്നാണെങ്കിൽ പിന്നെ മറ്റൊരു ചോദ്യത്തിന് കൂടി ഉത്തരം ചേർത്തു പറയണം.അപ്പോൾ 8 മണിയ്ക്ക് ശേഷം കള്ളുകുടിയ്ക്കുന്ന സ്ത്രീകൾ മാത്രം ഫ്രോഡുകളും തലയ്ക്കു വെളിവില്ലാത്തവരും ആകുന്നതെങ്ങനെ? ഇത് ജെണ്ടർ സ്പെസിഫിക് ഡിസീസ് ആണോ? സ്ത്രീ ഹോര്മോണിനെ മാത്രം ബാധിയ്ക്കുന്നതാണോ? കൂട്ടത്തിൽ ഡോക്ടർമാർക്കും മറുപിടി പറയാം.സ്ത്രീജന്യ രോഗമോ സ്ത്രീകളെ മാത്രം ബാധിയ്ക്കുന്ന അവസ്‌ഥയോ ആണോ? പെട്ടെന്നറിഞ്ഞാൽ ചികില്സിച്ച് ഭേദമാക്കുമല്ലോ ഈ വെളിവില്ലാത്ത പെണ്ണുങ്ങൾ.

കേരളം ഇൻഡ്യകണ്ട ഏറ്റവും വലിയ സ്ത്രീവിരുദ്ധ സ്ഥലം എന്നതിന് വീണ്ടും വീണ്ടും സാക്ഷ്യങ്ങൾ. പ്രഥമീക വിദ്യാഭ്യാസമോ നല്ല ജീവിതസാഹചര്യങ്ങളോ ഇല്ലാത്ത വടക്കേ ഇൻഡ്യയിലെ പുരുഷന്മാരിൽ നിന്നും സ്ത്രീവിരുദ്ധത ഉണ്ടാകുമ്പോൾ അതിന്റെ സാമൂഹ്യ പശ്ചാത്തലം ചേർത്ത് വച്ചാണ്‌ നമ്മൾ അതു വായിചെടുക്കുക. അവിടങ്ങളിലെ പഠിച്ച പുരുഷന്മാരുടെ സ്ത്രീവിരുദ്ധത നമ്മൾ വിലയിരുത്തുന്നത് അവരുടെ മതാന്ധതയും ജാതി ഭ്രാന്തും ചേർത്തു വച്ചുകൊണ്ടാണ്.എല്ലാ മത ജാതി സംഹിതകളും സ്ത്രീയുടെ നിഴലിനെപ്പോലും ഭയക്കുന്നു എന്ന സത്യത്തെ തിരിച്ചറിഞ്ഞു കൊണ്ടാണ്.

എന്നാൽ കേരളത്തിൽ നിന്നും ഒരു പുരുഷൻ ,അയാൾ ഏതു ശ്രേണിയിൽ പെട്ട ആളായാലും അയാളുടെ സ്ത്രീവിരുദ്ധതയും ജാതി മത വർഗ്ഗ വർണ്ണ ഭ്രാന്തുകളും നമ്മൾ വിലയിരുതത്തുന്നത് ചില രാഷ്ട്രീയ ബോധ്യങ്ങളു ടെയും സാമൂഹ്യ സങ്കല്പങ്ങളുടെയും അടിസ്ഥാനത്തിൽ ആയിരിയ്ക്കും. ഒരു ചെറു ന്യൂനപക്ഷം എങ്കിലും അവരുടെ മനുഷ്യസമത്വ-ജണ്ടർസമത്വ രാഷ്ട്രീയ ആഗ്രഹങ്ങളുടെ അടിസ്ഥാനത്തിൽ ആയിരിയ്ക്കും ഇതിനെ വിലയിരുത്തുക. എല്ലാവരും പഠിപ്പുള്ളവർ എന്ന അഹന്ത മനുഷ്യ വിരുദ്ധതയുടെ, സ്ത്രീ വിരുദ്ധതയുടെ, ദളിത് വിരുദ്ധതയുടെ മുഖം മൂടിയാകുന്നു. ഒന്നാം നമ്പർ കേരളം പക്ഷെ ഇത്തരം കൂപമണ്ഡൂപങ്ങളെ കൊണ്ട് ഓരോ ദിവസവും നിരാശപ്പെടുന്നു. തിരിച്ചു വരാൻ പറ്റാത്തവണ്ണം ഡിപ്രഷനിൽ ആകുന്നു.

മിസ്റ്റർ ജയശങ്കർ താങ്കളുടെ വിഷലിപ്തമായ റീച്ചും സ്വാധീനവുമൊക്കെ കേരളത്തിൽ ആർക്കാണ് മനസ്സിലാകാത്തത്. സ്ത്രീകളെ അപമാനിയ്ക്കുന്നതിലൂടെ കേമനാകാൻ നോക്കിയ നിങ്ങൾ എത്ര വലിയൊരു ചെളിക്കുണ്ടിൽ കിടന്നാണ് സംസ്കാരം വിളമ്പുന്നതെന്നു സ്വയം വെളിവാക്കിയിരിക്കുന്നു.

ചാനൽ ചർച്ച എന്ന കോമഡി ഉല്പന്നമായ താങ്കൾ അരുന്ധതി റോയിയെ പോലെയുള്ള ഒരു വ്യക്തിയെ പറ്റി, അവർ ഉയർത്തിയ രാഷ്ട്രീയവും ചരിത്രപരവുമായ വിഷയത്തെ പറ്റി സദസ്സിൽ നിന്നുയർന്ന ചോദ്യത്തിന് മറുപിടി പറയാൻ കഴിയാത്ത നിങ്ങളുടെ കലിപ്പല്ലേ അവർക്ക് നേരെ ഉള്ള ഈ വ്യക്തിഹത്യ. ഉത്തരം ഇല്ലായിരുന്നെങ്കിൽ ഒരു തമാശ കഥ (താങ്കളുടെ പതിവ് രീതി)പറഞ്ഞു, കുംഭകുലുക്കി ഇളിഭ്യച്ചിരി ചിരിച്ചു തടി തപ്പാമായിരുന്നല്ലോ. താങ്കളുടെ രാഷ്ട്രീയനിരീക്ഷണം എന്ന കോമഡി തന്നോട് തന്നെ പറഞ്ഞു ചിരിയ്ക്കുന്ന അപഹാസ്യത അല്ലെ?

അരുന്ധതി റോയിയുടെ ബുദ്ധിയും വിവേകവും നിലപാടും രാഷ്‌ട്രീയ പക്വതയുമൊക്കെ ലോകത്തിനു ബോധ്യം വന്നിട്ടുണ്ട്. താങ്കളുടെ ചാണകം നിറഞ്ഞ തലയിൽ അത് കടക്കാത്തതിന് കുറ്റം പറയുന്നില്ല.അത് DNA യുടെ കുറ്റമാണ്. സ്വന്തമായി ഒരു നിലപാട് ഇല്ലാത്ത താങ്കൾ എങ്ങനെ കേരളത്തിലെ ബഹുവിധ സദസ്സുകളിൽ അതിഥിയാകുന്നു എന്നത് ഇപ്പോൾ ഇൻഡ്യയിൽ പടർന്നുകൊണ്ടിരിയ്ക്കുന്ന വൈറസ് ബാധയാണെന്നു ആർക്കാണ് അറിയാത്തത്.

താങ്കളുടെ മൂന്നാംകിട സ്ത്രീവിരുദ്ധത ഒരു തമാശയായി കാണാൻ പൊതു മണ്ഡലത്തിൽ സൂചികുത്താൻ ഒരിടത്തിന് വേണ്ടി നൂറ്റാണ്ടുകളായി പൊരുതുന്ന സ്ത്രീകൾക്ക്‌, അവരുടെ പ്രതിനിധികൾക്ക് ബുദ്ധിമുട്ടുണ്ടാകും. നൂറ്റാണ്ട്കളുടെ പഴമണം ശ്വാസം മുട്ടിയ്ക്കുന്ന, നിങ്ങളിലൂടെ പുറത്തുവന്ന, ഈ പുരുഷ മനോഭാവത്തിന്റെ ബഹിർസ്‌പുരണം, ഞങ്ങൾ മുഴുവൻ സ്ത്രീകൾക്കും ഓക്കാനാവും പുച്ഛവും ആണ്. ഞങ്ങളുടെ ഇടപെടലുകളും വിഷയങ്ങളിലെ വൈദഗ്ദ്യവും നിങ്ങളെ പോലെ ഉള്ള ചെറുകിട പുരുഷ വേഷങ്ങളെ അസഹിഷ്ണരാക്കുന്നെങ്കിൽ നിങ്ങൾ ഇനിയും ഇങ്ങനെ തന്നെ പൊതുസദസ്സിൽ ഞങ്ങളെ കുറിച്ചു പറയണം.കാരണം സ്ത്രീയുടെ ബുദ്ധിയ്ക്കും വിജയത്തിനും സ്വീകാര്യതയ്ക്കും നേരെ ഉള്ള ഓരോ വിയോജിപ്പും ആക്ഷേപവും ഞങ്ങൾക്ക് ഊർജ്ജമാണ്. പക്ഷെ നിങ്ങൾ ആക്ഷേപിചതിന് , നിങ്ങളുടെ പ്രകോപനത്തിന് നിങ്ങളുടെ രീതിയിൽ മറുപിടി ഇല്ല. കാരണം തോറ്റവരോട് , തോറ്റു കൊണ്ടേയിരിയ്ക്കുന്നവരോട് എന്തിന് പ്രതിഷേധം. സ്വയം പുഴുത്തു നാറട്ടെ!

പിന്നെയീ നാറ്റമുള്ള സ്ത്രീ വിരുദ്ധത കേട്ടു കൊണ്ട് ആ സദസ്സിൽ മിണ്ടാതെ ഇരുന്ന എല്ലാ സ്ത്രീകളോടും പരമ പുച്ഛം.. സഹതാപം. ആരാണ് സഹോദരിമാരെ നിങ്ങൾക്ക് വേണ്ടി മിണ്ടാൻ ഉണ്ടാവുക.ലോകത്ത് നാലാൾ അറിയുന്ന ഒരു പെണ്ണിനെ ഒരു ബോറൻ പുരുഷൻ ആക്ഷേപിയ്ക്കുന്നത് കേട്ട് നിന്ന നിങ്ങൾ നിങ്ങൾക്കെതിരെയാണ് നിൽക്കുന്നത്. ഇത് തന്നെയാണ് സഹോദരിമാരെ റേപ്പ്. ഒരാളിന്റെ അസ്തിത്വത്തിനും അഭിമാനത്തിനും രാഷ്ട്രീയ നിലപാടുകൾക്കും മേലുള്ള റേപ്പ്. ബുദ്ധിയ്ക്കും പ്രഗല്ഭ്യത്തിനും നേരെയുള്ള റേപ്പ്.

ശാരീരികമായ റേപ്പിനെക്കാൾ കടുത്ത ലക്ഷ്യമാണ് ഇതിന്റെ പിന്നിൽ. ഒരു ജനസമൂഹത്തെ പിന്നിൽ ആക്കാൻ ഇതിന് കഴിയും. അവകാശത്തിൽ നിന്നും അധികാരത്തിൽ നിന്നും പുറം തള്ളാൻ വളരെ എളുപ്പം സാധിയ്ക്കും. അങ്ങനെ എത്രയോ ചരിത്ര പരമായ ഗൂഢാലോചനകൾ ഓരോ ചെറിയ വാക്കുകൾക്കും എക്‌സ്‌പ്രഷനും പിന്നിൽ മറഞ്ഞിരിയ്ക്കുന്നുണ്ട്. ജാഗ്രത ശരീരത്തെ കുറിച്ച് മാത്രം പോര.മുറിവേൽക്കാത്ത ആത്മാഭിമാനവും വ്യക്തിത്വവും പെണ്ണിന് അനിവാര്യമാണ് ഒരു വ്യക്തിയാകാൻ.അത് നിങ്ങളുടെ കൈകളിൽ തന്നെയാണ്.

ഈ നാട്ടിലെ എല്ലാ മാന്യ പുരുഷന്മാരോടുമാണീ ചോദ്യം. നിങ്ങളിൽ കള്ളുകുടിയ്ക്കുന്നവർ, അതും 8 മണിക്ക് ശേഷം കള്ളുകുടിയ്ക്കുന്നവർ…

Shailaja Jala यांनी वर पोस्ट केले शनिवार, १ फेब्रुवारी, २०२०

-Advertisements-