Wednesday, May 8, 2024
-Advertisements-
KERALA NEWSരോഗവ്യാപനം തീവ്രമായ ഈ ഘട്ടത്തിലെങ്കിലും സ്വയം പുകഴ്ത്തലും പ്രചാരവേലയും അവസാനിപ്പിച്ച് രോഗത്തിനെതിരായ പോരാട്ടത്തിൽ പൂർണമായും ശ്രദ്ധ...

രോഗവ്യാപനം തീവ്രമായ ഈ ഘട്ടത്തിലെങ്കിലും സ്വയം പുകഴ്ത്തലും പ്രചാരവേലയും അവസാനിപ്പിച്ച് രോഗത്തിനെതിരായ പോരാട്ടത്തിൽ പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കാൻ പിണറായി സർക്കാർ തയ്യാറാവണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

chanakya news
-Advertisements-

സംസ്ഥാനത്ത് കോവിഡ് വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പിണറായി സർക്കാർ സ്വയം പുകഴ്ത്തലും പ്രചാരവേലയും അവസാനിപ്പിച്ച് രോഗത്തിനെതിരായ പോരാട്ടത്തിൽ പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. രാജ്യത്തെ മിക്കസംസ്ഥാനങ്ങളിലും കോവിഡ് ചികിത്സ സൗജന്യമാണെന്നും എന്നാൽ കേരളത്തിൽ സ്വകാര്യ മേഖലയിൽ ചികിത്സയ്ക്ക് പണമീടാക്കുന്നുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. ഫേസ്ബുക്ക് കുറുപ്പിന്റെ പൂർണരൂപം വായിക്കാം…

ജനുവരി 30ന് വുഹാനിൽ നിന്നെത്തിയ വിദ്യാർഥിയിലൂടെ കോവിഡ് സ്ഥിരീകരിച്ച കേരളത്തിൽ വൈറസ് റിപ്പോർട്ട് ചെയ്തിട്ട് ഇന്ന് 6 മാസം തികഞ്ഞു. ഈ ആറുമാസത്തിനിടെ മഹാമാരിയെ സ്വന്തം പ്രചാരവേലയ്ക്ക് ഇതുപോലെ ഉപയോഗിച്ച മറ്റൊരു സംസ്ഥാന സർക്കാരുമില്ല. രോഗത്തിനെതിരായ പോരാട്ടം മറ്റുള്ളവരുമായുള്ള മത്സരമായാണ് പിണറായി വിജയൻ സർക്കാർ കണ്ടത്. എല്ലായിടത്തും ഞങ്ങൾ മികച്ചത് എന്ന് പറയാനുള്ള അമിതാവേശം, ആറാം മാസത്തിൽ രോഗവ്യാപനമേറിയ സംസ്ഥാനത്തെയാണ് സൃഷ്ടിച്ചത്. കേന്ദ്രസർക്കാർ മുതൽ ലോകാരോഗ്യ സംഘടന വരെ കേരളത്തെ അഭിനന്ദിക്കുന്നു, മാതൃകയാക്കുന്നു എന്ന് ആവർത്തിച്ചിരുന്ന മുഖ്യമന്ത്രിയോട് ഒരു ചോദ്യം.

കേരളത്തിൽ പരിശോധന കുറവാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ഔദ്യോഗികമായി പറഞ്ഞിരിക്കുന്നു…
ദേശീയ ശരാശരിയെക്കാൾ ഏറെ താഴെയാണ് കേരളത്തിൻ്റെ പരിശോധന നിരക്കെന്ന് കേന്ദ്രം ചൂണ്ടിക്കാണിച്ചത് പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ ജനങ്ങളോട് പറയുമോ..? ഇക്കാര്യം നേരത്തെ ചൂണ്ടിക്കാണിച്ചവർക്കെതിരെ ഉന്നയിച്ച വിമർശനം പിൻവലിക്കുമോ..? കേരളത്തിൽ മരണനിരക്ക് കുറഞ്ഞിരിക്കുന്നതിൽ സർക്കാരിൻ്റെ റോളെന്താണ്..? മരുന്നു കണ്ടുപിടിച്ചിട്ടില്ലാത്ത കോവിഡ് 19ൽ ചികിൽസയുടെ കാര്യത്തിൽ സർക്കാരിന് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. കാലങ്ങളായി കേരളത്തിൽ നിലനിൽക്കുന്ന മികച്ച ആരോഗ്യസംവിധാനങ്ങളും മലയാളിയുടെ ലോകോത്തര നിലവാരത്തിലുള്ള ആരോഗ്യശീലങ്ങളുമാണ് മരണനിരക്ക് പിടിച്ചുനിർത്തുന്നത്. ആയുർദൈർഘ്യത്തിൽ തലമുറകളായി രാജ്യത്ത് മുന്നിൽ നിൽക്കുന്ന രാജ്യമാണ് കേരളം. കോവിഡ് ചികിത്സ സൗജന്യമായി ചെയ്യുന്ന ഏക സംസ്ഥാനമാണ് കേരളം എന്ന അവകാശവാദവും തെറ്റാണ്.

ഡൽഹി, മധ്യപ്രദേശ്, ഒഡിഷ, മഹാരാഷ്ട്ര, ജാർഖണ്ഡ്, തെലങ്കാന, ഛത്തിസ്ഗഡ്, തമിഴ്നാട് സംസ്ഥാനങ്ങളിലും സർക്കാർ മേഖലയിൽ ചികിൽസ സൗജന്യമാണ്. കേരളത്തിൽ സ്വകാര്യമേഖലയിൽ ചികിൽസയ്ക്ക് പണം ഈടാക്കുന്നുമുണ്ട്. രോഗവ്യാപനം തീവ്രമായ ഈ ഘട്ടത്തിലെങ്കിലും സ്വയം പുകഴ്ത്തലും പ്രചാരവേലയും അവസാനിപ്പിച്ച് രോഗത്തിനെതിരായ പോരാട്ടത്തിൽ പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കാൻ കേരള സർക്കാർ തയാറാവണം. ഡൽഹിയെപ്പോലെ, ധാരാവിയെപ്പോലെ മികച്ച മാതൃകകൾ ഒരു അവകാശ വാദങ്ങളും ഇല്ലാതെ നിശബ്ദമായി ഈ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ടെന്നും മനസിലാക്കുക.

-Advertisements-