അയോധ്യയിലെ ഭൂമിപൂജ ഇന്ത്യയുടെ ദേശീയ ഐക്യത്തിന്റെ ആഘോഷമാണെന്ന് പ്രിയങ്ക ഗാന്ധി

ഡൽഹി: അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് അനുകൂല നിലപാടുമായി കോൺഗ്രസ് നേതാവും എംപിയുമായ പ്രിയങ്ക ഗാന്ധി രംഗത്ത്. ഭൂമിപൂജ ഇന്ത്യയുടെ ദേശീയ ഐക്യത്തിന്റെ ആഘോഷമാണെന്നും സൗഹൃദത്തിനും സാഹോദര്യത്തിനുമൊപ്പം ഇന്ത്യയിലെ ദേശീയ ഐക്യത്തിന്റെ ആഘോഷമാക്കാൻ ഇതിന് കഴിയുമെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. നാളെ അയോധ്യയിൽ വെച്ച് നടക്കുന്ന ഭൂമിപൂജ ചടങ്ങ് രാമന്റെയും സീതയുടെയും അനുഗ്രഹത്താൽ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സാംസ്കാരികതയുടെയും അടിത്തറയായി മാറുമെന്നും അവർ കൂട്ടിച്ചേർത്തു.

ധൈര്യം, ലാളിത്യം, ത്യാഗം, സംയമനം, പ്രതിബദ്ധത എന്നിവയാണ് രാമൻ എന്ന പേരിന്റെ സാരമെന്നും എല്ലാവരുടെയും ഉള്ളിൽ രാമനുണ്ടെന്നും രാമൻ എല്ലാവരോടൊപ്പമുണ്ടെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. കോൺഗ്രസ് നേതാവായ കമൽനാഥും കഴിഞ്ഞദിവസം രാമക്ഷേത്ര നിർമ്മാണത്തിന്റെ ഭാഗമായുള്ള ഭൂമിപൂജയ്ക്ക് ആശംസകൾ അറിയിക്കുകയും പിന്തുണ നൽകുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ മുതിർന്ന കോൺഗ്രസ് നേതാവായ പ്രിയങ്കഗാന്ധി രാമക്ഷേത്ര നിർമ്മാണത്തിന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. എന്നാൽ ഇരുവരുടെയും പ്രസ്താവനയ്ക്കെതിരെ നിരവധി ആളുകൾ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു