കോൺഗ്രസ്‌ ഇട്ടാൽ ബർമുഡ, മറ്റുള്ളവരിട്ടാൽ വള്ളികളസം! വിമർശനത്തിന്റെ നെല്ലും പതിരുമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ്‌ രഞ്ജൻ ഗോഗോയിയെ രാജ്യസഭാംഗമായി നാമനിർദ്ദേശം ചെയ്തതിനെതിരെ പരാമർശമുയർത്തുന്നവർക്ക് മറുപടിയുമായി കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്ത്. അയോദ്ധ്യാ കേസ്, ശബരിമല കേസ് തുടങ്ങിയ വിവാദമായ പല കേസുകളിലും വിധി പുറപ്പെടുവിച്ചിരുന്ന ബെഞ്ചുകൾക്ക് നേതൃത്വം നല്കിയിരുന്നതും അദ്ദേഹമായിരുന്നുവെന്ന് പറഞ്ഞു കൊണ്ടാണ് വിമർശനം നടത്തുന്നത്. രാജ്യസഭംഗമാകുന്ന ആദ്യത്തെ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസാണോ രഞ്ജൻ ഗൊഗോയ് എന്നും വി മുരളീധരൻ ചോദിച്ചു. വി മുരളീധരന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം…

സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയെ രാജ്യസഭാംഗമായി രാഷ്ട്രപതി നാമനിർദേശം ചെയ്തതിനെ ചൊല്ലിയാണല്ലോ ഇപ്പോൾ വാളെടുത്തവരെല്ലാം വെളിച്ചപ്പാട് എന്ന നിലയിൽ തുള്ളിമറിയുന്നത്. വിരമിക്കുന്നതിന് തൊട്ടുമുമ്പ് അയോധ്യ കേസ്, ശബരിമല കേസ് തുടങ്ങി വിവാദമായ പല കേസുകളുടെയും വിധികൾ പുറപ്പെടുവിച്ചിരുന്ന ബെഞ്ചിന് നേതൃത്വം നൽകിയത് അദ്ദേഹമായിരുന്നു എന്നും പറഞ്ഞാണ് വിമർശനമെല്ലാം. ജസ്റ്റിസ് ഗോഗോയ് അടക്കമുള്ള സുപ്രീംകോടതിയിലെ നാല് മുതിർന്ന ജഡ്ജിമാർ ചീഫ് ജസ്റ്റിസിനെതിരെ വാർത്താ സമ്മേളനം നടത്തിയത് എന്തിനാണെന്ന് ഈ വിമർശനക്കാർ സൗകര്യപൂർവ്വം മറന്നതായിരിക്കും അല്ലേ?
മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന രംഗനാഥ് മിശ്ര കോൺഗ്രസിൽ ചേർന്ന് 1998 ൽ പാർലമെന്റംഗമായിരുന്നു. അതും വിമർശനക്കാർ മറന്നതായിരിക്കും! 1984ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ കോൺഗ്രസ് നേതാക്കൾക്ക് ക്ലീൻ ചിറ്റ് നൽകിയതിനുള്ള ഉപകാര സ്മരണയായിരുന്നു മിശ്രയുടെ രാജ്യസഭ അംഗത്വമെന്നായിരുന്നു അന്നുയർന്ന വിമർശനം. അപ്പോൾ പറയൂ,
രാജ്യസഭാംഗമാകുന്ന ആദ്യത്തെ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസാണോ രഞ്ജൻ ഗൊഗോയ് ?

ഇവിടെ വസ്തുതകൾ വിലയിരുത്തി ആര് ചിന്തിക്കാൻ? ചുരുക്കിപ്പറഞ്ഞാൽ, ഇടത്തോട്ടു ചാഞ്ഞാൽ വർഗീയത മാറി നൻമ മരം പൂക്കും. മഹാരാഷ്ട്രയിൽ അത് നമ്മൾ കണ്ടതാണ്. തീവ്ര നിലപാടും വർഗീയതയുമൊന്നുമില്ലാത്ത പാർട്ടിയായി ഇടതുപക്ഷത്തിന് ശിവസേന മാറിയത് ഒരൊറ്റ രാത്രി കൊണ്ടാണ്. ഇടത്തേക്ക് അടുക്കാത്തവരെയെല്ലാം വിമർശന വാളുയർത്തി കടുംവെട്ട് വെട്ടും. അതു മാത്രമാണ് ഗൊഗോയിക്കെതിരെ ഇപ്പോൾ നടക്കുന്നത്. എന്തായാലും, രാഷ്ട്രപതി രഞ്ജൻ ഗൊഗോയിയെ ഭരണഘടന അനുശാസിക്കും വിധം നാമനിർദേശം ചെയ്തു കഴിഞ്ഞു. രാഷ്ട്രീയ, നിയമവൃത്തങ്ങളിൽ കോളിളക്കങ്ങൾ സൃഷ്ടിക്കാൻ സാധ്യതയെന്നൊക്കെയാണ് വിശകലനവിദഗ്ധരെന്ന പട്ടം, ചാനലുകാർ പതിച്ചു കൊടുത്തവർ ഇതേപ്പറ്റി പറയുന്നത്. ആഞ്ഞടിക്കാനും വേണ്ടേ ഓരോ കാരണങ്ങൾ !!

അഭിപ്രായം രേഖപ്പെടുത്തു