ജനുവരി 18 ന് ശേഷം വിദേശത്തു നിന്ന് എത്തിയവരെ നിരീക്ഷിക്കാൻ നിർദേശിച്ചു കേന്ദ്രസർക്കാർ

ഡൽഹി: രാജ്യത്തു കൊറോണ വൈറസിന്റെ വ്യാപ്തി ദിനംപ്രതി കൂടി വരുന്ന സാഹചര്യം കണക്കിലെടുത്തുകൊണ്ട് ജനുവരി 18 നു ശേഷം വിദേശത്തു നിന്നും ഇന്ത്യയിലെത്തിയവരെ നിരീക്ഷിക്കാനുള്ള നിർദേശവുമായി കേന്ദ്രസർക്കാർ. ഇതുമായി ബന്ധപ്പെട്ടുള്ള കത്ത് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി എല്ലാ ചീഫ് സെക്രട്ടറിമാർക്കും നൽകി കഴിഞ്ഞു. ജനുവരി 18 നു ശേഷം 15 ലക്ഷത്തോളം പ്രവാസികൾ ഇന്ത്യയിൽ എത്തിയതായാണ് ബ്യുറോ ഓഫ് ഇൻഫർമേഷൻ കേന്ദ്ര സർക്കാരിന് നൽകിയ റിപ്പോർട്ടിൽ പറയുന്നത്.

ഇതിന്റെ അടിസ്ഥാനത്തിൽ നിരീക്ഷണം ഊര്ജിതമാക്കാനാണ് തീരുമാനം. രാജ്യത്തു കൊറോണ രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഡോക്ടർമാരുടെ എണ്ണവും വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി സർവിസിൽ നിന്നും വിരമിച്ച ഡോക്ടർമാരോടും വിദ്യാർത്ഥികളോടും സഹായം അഭ്യര്ഥിക്കുമെന്നും കേന്ദ്ര ആരോഗ്യ വകുപ്പ് വ്യക്തമാക്കി.