ഇരുമുന്നണികൾക്കും വെല്ലുവിളി ഉയർത്തി തൃത്താലയിൽ സന്ദീപ് വാര്യർ മത്സരിച്ചേക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: തൃത്താലയില്‍ ബി ജെ പി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് സൂചന. സ്ഥാനാർഥി പട്ടികയിൽ മാറ്റം വരുത്തിയാണ് ബിജെപിയുടെ അപ്രതീക്ഷിത നീക്കം. മണ്ഡലത്തില്‍ നിലവിലെ എം എല്‍ എയായ കോണ്‍ഗ്രസിന്റെ യുവ നേതാവ് വി ടി ബല്‍റാമിനെ യുവ സി പി എം നേതാവ് എം ബി രാജേഷും ഏറ്റുമുട്ടുന്ന തൃത്താലയിലേക്ക് ബിജെപിയുടെ ശക്തനായ യുവ നേതാവ് സന്ദീപ് വാര്യർ എത്തുന്നതോടെ വിജയസാധ്യത പ്രവചനാതീതമായിരിക്കുകയാണ്.

രണ്ടു തവണയായി തൃത്താലയിൽ നിന്നും ജയിച്ച് കയറിയ വിടി ബാലറാമിനും. തൃത്താല പിടിക്കാനിറങ്ങിയ മുൻ പാലക്കാട് എം പി എം ബി രാജേഷിനും കനത്ത വെല്ലുവിളി ഉയർത്തിയിരിക്കുകയാണ് സന്ദീപ് വാര്യരിലൂടെ ബിജെപി.

ബി ജെ പിക്ക് വ്യക്തമായ വോട്ടുളള മണ്ഡലത്തില്‍ സന്ദീപ് വാര്യർ എത്തുന്നതോടെ തൃത്താല ത്രികോണ മത്സരത്തിന് സാക്ഷ്യം വഹിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. ബി ജെ പിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.