വ്യാജ ഫേസ്‌ബുക്ക് അകൗണ്ട് വഴി പരിചയപെട്ടു, സൗഹൃദം നടിച്ച് ലോഡ്ജിൽ എത്തിച്ചു, ബിയറിൽ മയക്ക് മരുന്ന് കലർത്തി യുവാവിനെ മയക്കി തട്ടിപ്പ്

ആലപ്പുഴ: ഹണി ട്രാപ്പിലൂടെ യുവാവിനെ ലോഡ്ജ് മുറിയിലെത്തിച്ച് പണവും സ്വർണവും തട്ടിയെടുത്ത സംഭവത്തിൽ യുവതിയും ഭർത്താവും അറസ്റ്റിൽ. ചെങ്ങന്നൂർ മുളക്കുഴ സ്വദേശി രാഖിയും, ഭർത്താവ് പന്തളം കൂരമ്പാല സ്വദേശി രതീഷുമാണ് അറസ്റ്റിലായത്ത. തമിഴ്‌നാട്ടിൽ നിന്നുമാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. ചേർത്തല സ്വദേശിയായ യുവാവിനെ ഫേസ്ബുക്കിലൂടെയാണ് രാഖി പരിചയപ്പെടുന്നത്. ശാരദ ബാബു എന്ന വ്യാജ അകൗണ്ട് ഉപയോഗിച്ചാണ് രാഖി യുവാവുമായി സൗഹൃദം സ്ഥാപിച്ചത് തുടർന്ന് ഐടി മേഖലയിൽ ഉദ്യോഗസ്ഥയാണെന്നും സ്കൂളിൽ ഒരുമിച്ചു പഠിച്ചിതാണെന്നും യുവാവിനെ വിശ്വസിപ്പിക്കുകയായിരുന്നു.

വ്യാഴാഴ്ച സുഹൃത്തിന്റെ വിവാഹം ചെങ്ങന്നൂരിൽ നടക്കുന്നുണ്ടെന്ന് പറഞ്ഞ് രാഖി യുവാവിനെ വിളിച്ച് വരുത്തിയാണ് തട്ടിപ്പ് നടത്തിയത്. തലേദിവസം തന്നെ രാഖിയും ഭർത്താവ് രതീഷും ചെങ്ങന്നൂരിലെത്തുകയും തുടർന്ന് വെള്ളാവൂർ ജംക്‌ഷനിലുള്ള ലോഡ്ജിലും ആശുപത്രി ജംക്‌ഷനിലുള്ള ലോഡ്ജിലും മുറികളെടുത്തു.  വ്യാഴാഴ്ച ഉച്ചയോടെയാണ് തട്ടിപ്പിന് ഇരയായ യുവാവ് രാഖിയുടെ ലോഡ്ജമുറിയിൽ എത്തിയത്. രാഖി പറഞ്ഞതിന് അനുസരിച്ച് യുവാവ് ബിയറും ഭക്ഷണവും വാങ്ങിയാണ് ലോഡ്ജിൽ എത്തിയത്.

യുവാവിനെ ശുചിമുറിയിലേക്ക് അയച്ച ശേഷം രാഖി ബിയറിൽ മയക്ക് മരുന്ന് ചേർക്കുകയും ശുചിമുറിയിൽ നിന്ന് വന്ന യുവാവിന് ബിയർ നൽകുകയുമായിരുന്നു. എന്നാൽ ബിയറിൽ നിന്ന് അസാധാരണമായ രീതിയിൽ പത വരുന്നത് ശ്രദ്ധിച്ചതിനാൽ യുവാവ് ബിയർ കുടിക്കാൻ വിസമ്മദിച്ചെങ്കിലും രാഖി നിരബന്ധപ്പൂർവ്വം കുടിപ്പിക്കുകയായിരുന്നു. മയക്ക് മരുന്ന് ചേർത്ത ബിയർ കുടിച്ച യുവാവ് അബോധാവസ്ഥയിലായതോടെ സ്വർണവും പണവുമായി രാഖിയും ഭർത്താവും മുങ്ങുകയായിരുന്നു. പിന്നീട് ഹോട്ടൽ ജീവനക്കാരാണ് യുവാവിനെ വിളിച്ചുണർത്തിയത്. തുടർന്ന് ലോഡ്ജ് ഓണറുടെ നിർദേശ പ്രകാരം യുവാവ് പോലീസിൽ പരാതിപ്പെടുകയായിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു