ശബരിമലയിൽ ചെയ്തതിന്റെ മറുപടി കഴക്കൂട്ടത്ത് നിന്ന് ലഭിക്കും ; അത് അയ്യപ്പൻറെ നിയോഗമെന്ന് ശോഭ സുരേന്ദ്രൻ

തിരുവനന്തപുരം : ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് മുന്നറിയിപ്പ് നൽകി ശോഭ സുരേന്ദ്രൻ. ശബരിമലയിൽ ചെയ്തതിനുള്ള മറുപടി കഴക്കൂട്ടത്ത് നിന്ന് ലഭിക്കുമെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. ദേവസ്വം മന്ത്രിയുടെ ജോലി ഇവിടുത്തെ വിശ്വാസികളെ സംരക്ഷിക്കുക എന്നതാണ്. ക്ഷേത്രത്തിന്റെ മതിൽ പൊളിഞ്ഞാൽ അത് നന്നാക്കി കൊടുക്കണം അതിനാണ് ആ മന്ത്രിയെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

ക്ഷേത്ര വിശ്വാസങ്ങളെ തകർക്കാനും വിശ്വാസികൾക്കെതിരെ കേസെടുക്കാനും അല്ലല്ലോ ഇങ്ങനെ ഒരു മന്ത്രി ഉള്ളതെന്നും ശോഭ സുരേന്ദ്രൻ ചോദിച്ചു. ശബരിമല വിഷയത്തിൽ കടകംപള്ളി ഖേദം പ്രകടിപ്പിച്ചല്ലോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് കൊലപാതകം നടത്തിയിട്ട് ക്ഷമ ചോദിച്ചത് കൊണ്ട് ശിക്ഷയിൽ നിന്ന് ഒഴിവാക്കാൻ സാധിക്കില്ലെന്നും കടകം പള്ളിക്ക് ശിക്ഷ കൊടുക്കാൻ തീരുമാനിച്ചിരിക്കുന്നത് വിശ്വാസികളാണ്. വിശ്വാസികൾ ശിക്ഷ കൊടുക്കണം എന്നത് അയ്യപ്പൻറെ നിയോഗമാണെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിയുടെയും,യച്ചൂരിയുടെയും നിലപാടിനെ കടകംപള്ളി തള്ളി പറഞ്ഞിട്ടില്ലെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.