പാലക്കാട് എൻഡിഎ സ്ഥാനാർഥി ഇ ശ്രീധരൻ ദുരന്തമാണെന്ന് സംവിധായകനും നടനുമായ രഞ്ജി പണിക്കർ

തിരുവനന്തപുരം: പാലക്കാട് എൻഡിഎ സ്ഥാനാർഥി ഈ ശ്രീധരൻ ദുരന്തമാണെന്ന് സംവിധായകനും നടനുമായ രഞ്ജി പണിക്കർ. ഒരാൾക്ക് ആവശ്യത്തിലധികം പ്രാധാന്യം നൽകി ഊതി വീർപ്പിച്ചപ്പോൾ സംഭവിച്ചതാണ് ഇ ശ്രീധരന്റെ കാര്യത്തിൽ സംഭവിച്ചതെന്നും രഞ്ജിപണിക്കർ കൈരളി ചാനലിൽ നടന്ന ചർച്ചയിൽ പറഞ്ഞു. ജോൺബ്രിട്ടാസിന്റെ ചോദ്യങ്ങൾക്ക് മറുപടിയായാണ് മെട്രോമാൻ ഇ ശ്രീധരനെ പരിഹസിച്ച് രഞ്ജി പണിക്കർ മറുപടി നൽകിയത്.

എൻഡിഎ സ്ഥാനാർഥി ഇ ശ്രീധരന്റെ കാര്യത്തിൽ ചിരിയാണ് തനിക്ക് വരുന്നത് എങ്ങനെ ചിരിക്കാതിരിക്കും അങ്ങനെ ഒരു കോമഡി അല്ലെ എന്നും രഞ്ജി പണിക്കർ പറയുന്നു. ഇ ശ്രീധരനെ അത്ര വലിയ ആളായി താൻ കണ്ടിട്ടില്ലെന്നും അങ്ങനെ കാണാത്തത് കൊണ്ട് ഇ ശ്രീധരൻ തന്നെ സംബന്ധിച്ച് അത്ഭുതമൊന്നും അല്ലെന്നും രഞ്ജി പണിക്കർ പറഞ്ഞു.

ഇ ശ്രീധരനെ വിമർശിച്ചും പരിഹസിച്ചും മാധ്യമങ്ങളിൽ ലേഖനമെഴുതിയ ആളാണ് താനെന്നും. മുഖ്യമന്ത്രി സ്ഥാനാർഥി എന്ന് സ്വയം പ്രഖ്യാപിക്കുന്ന ഒരാളെ കുറിച്ച് എന്ത് തീരുമാനിക്കണമെന്ന് ബുദ്ധിയുള്ളവർക്ക് മനസിലാകുമെന്നും രഞ്ജി പണിക്കർ പറഞ്ഞു. ഇ ശ്രീധരൻ പാലക്കാട് ജയിക്കുമോ എന്ന ചോദ്യത്തിന് ഇ ശ്രീധരന് ജയസാധ്യത കാണാൻ പോലും എന്റെ മനസ് അനുവദിക്കുന്നില്ല എന്നായിരുന്നു രഞ്ജി പണിക്കരുടെ മറുപടി.

പാലക്കാട് ബിജെപിക്ക് വലിയ സ്വാധീനമുണ്ടെങ്കിലും ഷാഫി പറമ്പിലിന്റെ വരവോടെ അവിടെ മാറ്റമുണ്ടായെന്നും രഞ്ജി പണിക്കർ പറയുന്നു. ഇനി ഇ ശ്രീധരൻ ജയിച്ചാലും എന്റെ നിലപാടിൽ മാറ്റമുണ്ടാകില്ലെന്നും രഞ്ജി പണിക്കർ പറഞ്ഞു. മാധ്യമങ്ങളാണ് ആവശ്യത്തിൽ കവിഞ്ഞ് ഏറ്റെടുത്ത് ഇത്തരക്കാരെ ഊതി വീർപ്പിക്കുന്നതെന്നും രഞ്ജി പണിക്കർ പറഞ്ഞു.