ക്ഷേത്രങ്ങളുടെ പ്രവർത്തനം നടത്തുന്നത് സംസ്ഥാന സർക്കാരിന്റെ വരുമാനത്തിൽ നിന്നെന്ന് ദേവസ്വം മന്ത്രി

തിരുവനന്തപുരം : ക്ഷേത്രങ്ങളെ തകർക്കാൻ ഇടത്പക്ഷം ഇതുവരെ ശ്രമിച്ചിട്ടില്ലെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ.ശബരിമല വിഷയത്തിൽ കോടതി വിധി വന്നതിന് ശേഷം ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്ത് തീരുമാനം എടുക്കുമെന്നും കെ.രാധാകൃഷ്ണൻ പറഞ്ഞു. മൂന്ന് വർഷത്തോളമായി സംസ്ഥാനത്തെ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ വരുമാനം കുറവാണെന്നും ക്ഷേത്രത്തിന്റെ നടത്തിപ്പിനെയും ജീവനക്കാർക്ക് പെൻഷൻ നൽകുന്നത് അടക്കമുള്ള കാര്യങ്ങൾക്ക് പ്രതിസന്ധിയിലാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ വരുമാനം ഉപയോഗിച്ചാണ് ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളുടെ പ്രവർത്തനങ്ങൾ നടത്തികൊണ്ട് പോകുന്നതെന്നും മന്ത്രി വ്യക്തമാക്കി. ദേവസ്വം ബോർഡിന്റെ വരുമാനം വർധിപ്പിക്കുന്നതിന് ഒപ്പം ക്ഷേത്രങ്ങളിലെത്തുന്ന ഭക്തർക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താനും ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.