വിവാഹ ശേഷം വധുവിന്റെ സ്വർണവും പണവും കൈക്കലാക്കി മുങ്ങുന്നത് പതിവാക്കിയ വിവാഹ തട്ടിപ്പ് വീരനെ പോലീസ് അറസ്റ്റ് ചെയ്തു

പാലക്കാട് : വിവാഹ ശേഷം വധുവിന്റെ സ്വർണവും പണവും കൈക്കലാക്കി മുങ്ങുന്നത് പതിവാക്കിയ വിവാഹ തട്ടിപ്പ് വീരനെ പോലീസ് അറസ്റ്റ് ചെയ്തു. വല്ലപ്പുഴ സ്വദേശി മജീദ് ആണ് അറസ്റ്റിലായത്. നാലോളം ജില്ലകളിലായി ഇരുപത്തിലധീകം പെൺകുട്ടികളെ വിവാഹം ചെയ്ത് അവരുടെ പണവും സ്വർണവും തട്ടിയെടുത്തതായി പോലീസ് പറയുന്നു. മണ്ണാർക്കാട് സ്വദേശിനിയായ യുവതി പോലീസിൽ പരാതി നൽകിയതോടെയാണ് വിവാഹത്തട്ടിപ്പ് വീരൻ ഒടുവിൽ അറസ്റ്റിലായത്.

മലപ്പുറം,പാലക്കാട്,കണ്ണൂർ,കോഴിക്കോട് ജില്ലകളിൽ നിന്നുമായി മജീദ് ആറോളം പെൺകുട്ടികളെ രേഖാമൂലം വിവാഹം ചെയ്തിട്ടുണ്ട്. ഇത് കൂടാതെ ഔദ്യൊഗികമായി രജിസ്റ്റർ ചെയ്യാതെ പതിനാലോളം പെൺകുട്ടികളെ വിവാഹം ചെയ്തിട്ടുണ്ട്. പച്ചക്കറി വില്പനയുടെ മറവിലാണ് ഇയാൾ വിവാഹത്തട്ടിപ്പ് നടത്തുന്നത്. പച്ചക്കറി വില്പന നടത്തുന്നതിനിടയിൽ പരിചയപ്പെടുന്നവരുമായി അടുപ്പമുണ്ടാക്കി കാര്യങ്ങൾ വിവാഹത്തിലേക്ക് എത്തിക്കുന്നതാണ് ഇയാളുടെ രീതി.

ആദ്യ വിവാഹമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. സുഹൃത്തുക്കളെ ബന്ധുക്കളായി അവതരിപ്പിച്ചാണ് പെണ്ണ് കാണൽ ചടങ്ങും വിവാഹവും നടത്തുന്നത്. വിവാഹം നടന്നതിന് ശേഷം ഓരോ ആവശ്യങ്ങൾ പറഞ്ഞ് തന്ത്രപൂർവം സ്വർണവും പണവും കൈക്കലാക്കി രണ്ട് ദിവസം കഴിഞ്ഞു വരാമെന്ന് പറഞ്ഞ് മുങ്ങുന്നതാണ് മജീദിന്റെ പതിവ് രീതി. തട്ടിയെടുത്ത സ്വർണവും പണവും തീരുന്നതോടെ മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്യാനുള്ള പദ്ധതി തയ്യാറാക്കും.

നാണക്കേട് ഭയന്ന് പലരും ഇയാൾക്കെതിരെ പരാതി നൽകിയിരുന്നില്ല. അതേസമയം രണ്ട് ഭാര്യമാർ മജീദിനുള്ളതായാണ് വിവരം ഇവരെ സംരക്ഷിക്കുന്നതിനും ആഡംബര ജീവിതം നയിക്കുന്നതിനുമാണ് മജീദ് വിവാഹത്തട്ടിപ്പ് നടത്തി പണമുണ്ടാക്കുന്നത്.